തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവച്ചതിന്റെ കാരണം വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് വി എം സുധീരൻ. 2016 ലെ സ്ഥാനാർഥി നിർണയത്തിലെ വിയോജിപ്പായിരുന്നു താൻ രാജിവയ്ക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, അന്ന് അത് പുറത്തു പറഞ്ഞില്ലെന്നേയുള്ളൂവെന്നും അദ്ദേഹം അറിയിച്ചു.
താൻ പാർട്ടിക്കൊപ്പമുണ്ടാകും. എന്നാൽ, ഇനി നേതൃസ്ഥാനങ്ങളിലേക്കില്ല. കോൺഗ്രസ് പാർട്ടിക്ക് മാറ്റം വന്നിട്ടില്ലെന്നും അന്ന് രണ്ടു ഗ്രൂപ്പാണെങ്കിൽ ഇപ്പോൾ അഞ്ച് ഗ്രൂപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. വിഎം സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം 2017ലാണ് രാജിവച്ചത്. ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്നാണ് അന്ന് അദ്ദേഹം പറഞ്ഞിരുന്നത്. പിന്നീട് 2021ൽ അദ്ദേഹം കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗത്വവും എഐസിസി അംഗത്വവും രാജിവച്ചിരുന്നു.

