ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 ാം വാര്‍ഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 75 രൂപയുടെ പുതിയ നാണയം പുറത്തിറക്കുന്നു. ഞായറാഴ്ച നടക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാണയത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കുക.
44 മില്ലിമീറ്റര്‍ ചുറ്റളവുള്ള വൃത്താകൃതിയിലുള്ള നാണയമായിരിക്കും ഇത്. നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭം ആലേഖനം ചെയ്തിരിക്കും. ദേവനാഗരി ലിപിയില്‍ ഭാരതം എന്ന് ഇടത് വശത്തും ഇന്ത്യ എന്ന് ഇംഗ്ലീഷില്‍ വലതും വശത്തും എഴുതിയിരിക്കും. താഴെ സത്യമേവ ജയതേ എന്നും രേഖപ്പെടുത്തിയിരിക്കും. 35 ഗ്രാം തൂക്കം വരുന്ന നാണയം നിര്‍മ്മിച്ചിരിക്കുന്നത് 50 ശതമാനം വെള്ളിയും 40 ശതമാനം കോപ്പറും അഞ്ച് ശതമാനം സിങ്കും അഞ്ച് ശതമാനം നിക്കലും ചേര്‍ത്താണ്.
അതേസമയം, പാര്‍ലമെന്റ് മന്ദിരത്തിന്റെ ചടങ്ങുമായി ബന്ധപ്പെട്ട വിവാദം ശക്തമായിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതാണ് കാരണം. പ്രതിപക്ഷത്തെ 20 പാര്‍ട്ടികള്‍ ഇതിനെതിരെ ശക്തമായ നിലപാടെടുത്തു. ചടങ്ങ് ബഹിഷ്‌കരിക്കാനാണ് തീരുമാനം.

