ന്യൂഡൽഹി: രാജ്യത്ത് കാലാവസ്ഥാ പ്രവചന സ്ഥാപനങ്ങൾക്കായി 18 പെറ്റാഫ്ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ അവതരിപ്പിക്കും. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം അറിയിച്ചത്. വർഷാവസാനത്തോടെ 18 പെറ്റാഫ്ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം അറിയിച്ചു. നോയിഡയിലെ നാഷണൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിംഗ് സന്ദർശിച്ച ശേഷം സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിലവിൽകാലാവസ്ഥാ പ്രവചനങ്ങൾ നൽകുന്നത് 12 കിലോമീറ്റർ റെസല്യൂഷനോട് കൂടിയാണ്. എന്നാൽ പുതിയ സൂപ്പർ കമ്പ്യൂട്ടർ അതിനെ ആറ് കിലോമീറ്റർ റെസല്യൂഷനിലേക്ക് ഉയർത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സൂപ്പർ കമ്പ്യൂട്ടർ വാങ്ങുന്നതിന്റെ ചെലവ് 900 കോടി രൂപയാണ്. സീസണൽ കാലാവസ്ഥാ മാറ്റങ്ങൾ പ്രവചിക്കുന്നത് പൂനെ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ടാണ്. അതിനാൽ ഇൻസ്റ്റിറ്റ്യൂട്ടിന് ഉയർന്ന സൂപ്പർ കമ്പ്യൂട്ടിംഗ് പവർ അത്യാവശ്യമാണ്. പുതിയ ഹൈ-പവർ കമ്പ്യൂട്ടിംഗിനിന്റെ വരവ് ബ്ലോക്ക് തലത്തിൽ കാലാവസ്ഥാ പ്രവചനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കാലാവസ്ഥാ ശാസ്ത്രജ്ഞർക്ക് ഉയർന്ന റെസല്യൂഷൻ പ്രവചനങ്ങൾ നൽകാനും കൂടുതൽ കൃത്യതയോടെ ചുഴലിക്കാറ്റിന്റെ ശക്തി പ്രവചിക്കാനും പെറ്റാഫ്ലോപ്പ് സൂപ്പർ കമ്പ്യൂട്ടറുകൾ സഹായിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

