കെഎസ്ഇബി സ്മാര്‍ട് മീറ്റര്‍ പദ്ധതി ടെണ്ടര്‍ മരവിപ്പിച്ചു

തിരുവനന്തപുരം: ഉപഭോക്താക്കളില്‍ വന്‍ തുക അടിച്ചേല്‍പ്പിക്കുന്നുവെന്ന് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ കെഎസ്ഇബി സ്മാര്‍ട് മീറ്റര്‍ പദ്ധതി ടെണ്ടര്‍ മരവിപ്പിച്ചു. വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ടെണ്ടര്‍ നടപടികളുമായി കെഎസ്ഇബി മുന്നോട്ട് പോകില്ല. ഒരു മീറ്ററിന് 9000 രൂപ വേണ്ടി വരും എന്നായിരുന്നു കണക്ക്. ഇതു ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ ആയിരുന്നു ആലോചന.

അതേസമയം, വൈദ്യുതി വിതരണ രംഗത്ത് ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്ന പരിഷ്‌കരണത്തിന്റെ ഭാഗമായാണ് കേന്ദ്ര ഊര്‍ജ്ജ മാന്ത്രാലയം സ്മാര്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദശിച്ചത്. വൈദ്യുതി വിതരണ രംഗം സ്വകാര്യവല്‍ക്കാരിക്കുന്നതിനുള്ള കുറുക്കുവഴിയായാണ് കേന്ദ്രസര്‍ക്കാര്‍ ടോട്ടക്സ് രീതിയിലുള്ള സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം കൊണ്ടുവന്നതെന്നും ഇതിന് വഴങ്ങേണ്ട എന്നുമായിരുന്നു സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ നിലപാട്.

ഉപയോഗ ശേഷം പണം നല്‍കുന്ന നിലവിലെ സമ്പ്രദായം ഈ സംവിധാനം വരുന്നതോടെ അവസാനിക്കും. വൈദ്യുതി വാങ്ങി ഉപയോഗിക്കേണ്ടി വരും. അങ്ങിനെ വരുമ്പോള്‍ മീറ്ററില്‍ പണമില്ലെങ്കില്‍ വീട്ടില്‍ താനേ കറണ്ടില്ലാതാകും. സ്മാര്‍ട് മീറ്റര്‍ വരുന്നതോടെ ഓരോ മേഖലയിലും വൈദ്യുതി ഉപഭോഗവും വരുമാനവും കൃത്യമായി തിരിച്ചറിയാനാവും. അതിനാല്‍ തന്നെ സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് സ്മാര്ട് മീറ്റര്‍ സംവിധാനം കൊണ്ടുവരുന്നതെന്നാണ് വിമര്‍ശനം.