താനൂർ ബോട്ടപകടം; മരണപ്പെട്ടവരുടെ ആശ്രിതർക്ക് 1.5 കോടിയുടെ നഷ്ടപരിഹാര തുക വിതരണം ചെയ്ത് സംസ്ഥാന സർക്കാർ

മലപ്പുറം: താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 1.5 കോടിയുടെ നഷ്ടപരിഹാര തുക വിതരണം ചെയ്ത് സംസ്ഥാന സർക്കാർ. മന്ത്രി വി അബ്ദുറഹിമാനാണ് തുക കൈമാറിയത്. തിരൂർ താലൂക്ക് തല ‘കരുതലും കൈത്താങ്ങും’ അദാലത്തിലാണ് തുക വിതരണം ചെയ്തത്. ബോട്ടപകടത്തിൽ മരണപ്പെട്ട 15 പേരുടെ ആശ്രിതർക്കാണ് ആദ്യഘട്ടത്തിൽ നഷ്ടപരിഹാര തുക കൈമാറിയത്.

ബോട്ടപകടത്തിൽ ഭാര്യ സീനത്ത്, മക്കളായ ഫിദ ദിൽന, ഷഫ്ള, ഷംന, അസ്ന എന്നിവരെ നഷ്ടമായ പരപ്പനങ്ങാടി പുത്തൻകടപ്പുറത്തെ ആവിൽ ബീച്ചിലെ കുന്നുമ്മൽ സൈതലവിക്ക് 50 ലക്ഷം രൂപയും സൈതലവിയുടെ സഹോദരനായ കുന്നുമ്മൽ സിറാജിന് 40 ലക്ഷം രൂപയും കൈമാറി. അപകടത്തിൽ സിറാജിന്റെ ഭാര്യ റസീന, മക്കളായ നൈറ ഫാത്തിമ, റുസ്ന ഫാത്തിമ, സഹറ എന്നിവരാണ് മരണപ്പെട്ടത്. ഭാര്യ ജൽസിയ മകൻ ജരീർ എന്നിവരെ നഷ്ടമായ കുന്നുമ്മൽ മുഹമ്മദ് ജാബിറും മന്ത്രിയിൽ നിന്ന് തുക ഏറ്റുവാങ്ങി. ബോട്ടപകടത്തിൽ മരണപ്പെട്ട താനൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ പരപ്പനങ്ങാടി ചിറമംഗലം സ്വദേശി സബറുദ്ധീന്റെ സഹോദരൻ ഷിബുലുദ്ധീനാണ് തുക ഏറ്റുവാങ്ങിയത്. ആശ്രിതയായ ഭാര്യ മുനീറയുടെ അഭാവത്തിലാണ് ഭർത്താവിന്റെ സഹോദരന് തുക കൈമാറിയത്. അപകടത്തിൽ മരണപ്പെട്ട പരിയാപുരം കാട്ടിൽ പീടിയേക്കൽ സിദ്ധീഖ്, മക്കളായ ഫാത്തിമ മിൻഹ, മുഹമ്മദ് ഫൈസാൻ എന്നിവർക്കുള്ള നഷ്ടപരിഹാര തുക സഹോദരി സൽമയും ഏറ്റുവാങ്ങി.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന ‘കരുതലും കൈത്താങ്ങും’ തിരൂർ താലൂക്ക് തല അദാലത്തിൽ പൊതുജനങ്ങൾക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. 19 കൗണ്ടറുകളാണ് പരാതികൾ പരിഗണിക്കാൻ ഒരുക്കിയിരുന്നത്. എ.ഡി.എം, ജില്ലാ വികസന കമ്മീഷണർ, സബ് കളക്ടർ, അസിസ്റ്റന്റ് കളക്ടർ, ഡെപ്യൂട്ടി കളക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര കൗണ്ടറുകൾക്ക് പുറമെയായിരുന്നു ഇത്. പുതിയ പരാതികൾ സ്വീകരിക്കാനും ഭിന്നശേഷിക്കാർക്ക് മാത്രമായും പ്രത്യേക കൗണ്ടറുണ്ടായിരുന്നു.

പരാതികൾ എഴുതി നൽകാൻ എസ്.എസ്.എം പോളിടെക്‌നിക് കോളജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സേവനവും സഹായകരമായി. അദാലത്ത് നടന്ന വാഗൺ ട്രാജഡി ടൗൺ ഹാളിന് മുന്നിലായി അന്വേഷണ കൗണ്ടർ, പൊലീസ്, ഫയർ ആന്റ് റെസ്‌ക്യൂ, മെഡിക്കൽ സേവനങ്ങളും ഉറപ്പുവരുത്തിയിരുന്നു.