വിജയം തുടരും; തന്ത്രങ്ങള്‍ മെനയാന്‍ കോണ്‍ഗ്രസ്‌

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയുന്നതിനായി മേയ് 24ന് തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ യോഗത്തില്‍ അധ്യക്ഷത വഹിക്കും.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ ഉന്നമിട്ട് സച്ചില്‍ പൈലറ്റ് പദയാത്ര നടത്തുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ്് ഇവിടെ പ്രതിസന്ധി നേരിടുന്നുണ്ട്. മധ്യപ്രദേശില്‍ വിമത നേതാവായ ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ട സാഹചര്യത്തില്‍ കമല്‍നാഥിനെ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് നീക്കം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി അധികാരത്തില്‍ തുടരുന്ന ബിജെപി സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം സംസ്ഥാനം തിരിച്ചുപിടിക്കാമെന്ന് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നു.

അതേസമയം, തെലങ്കാനയില്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതിക്കൊപ്പം ബിജെപിയും സംസ്ഥാനത്ത് കരുത്തരാകുന്നത് കോണ്‍ഗ്രസിന് വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ചത്തീസ്ഗഡില്‍ ടി.എസ്.സിങ് ഡിയോയും താമ്രധ്വജ് സാഹുവും മുഖ്യമന്ത്രി കസേരയ്ക്കായി മത്സരിക്കുന്നതും വെല്ലുവിളിയാണ്.