2000 രൂപ നോട്ടുകൾ എങ്ങനെ മാറ്റിയെടുക്കാം; അറിയാം ഇക്കാര്യങ്ങൾ

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ പിൻവലിച്ചുവെന്ന പ്രഖ്യാപനം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയതിന് പിന്നാലെ ആശങ്കയിലാണ് നമ്മളിൽ പലരും. 2023 സെപ്തംബർ 30ന് ശേഷം 2000 രൂപ നോട്ടുകൾ വിനിമയം ചെയ്യാൻ സാധിക്കില്ലെന്നാണ് അറിയിപ്പ്. കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2000 രൂപ നോട്ടുകൾ നാളെ മുതൽ ഉപയോഗിക്കാൻ കഴിയില്ലേ, എങ്ങനെ ഇവ മാറും തുടങ്ങിയ സംശയങ്ങളാണ് പലർക്കമുള്ളത്.

2000 രൂപ നോട്ടുകൾ മാറ്റുന്നതിന് വേണ്ടി ബാങ്ക് ശാഖകളെ സമീപിക്കാം. അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനും 2000 രൂപയുടെ നോട്ടുകൾ മാറ്റിവാങ്ങുന്നതിനുമുള്ള സൗകര്യം 2023 സെപ്റ്റംബർ 30 വരെ എല്ലാ ബാങ്കുകളിലും ലഭ്യമാകും. 2023 സെപ്റ്റംബർ 30 വരെ ഇഷ്യൂ ഡിപ്പാർട്ട്മെന്റുകളുള്ള ആർബിഐയുടെ 19 റീജണൽ ഓഫീസുകളിലും നോട്ടുകൾ മാറാനുള്ള സൗകര്യം ലഭ്യമാണ്. പൊതുജനങ്ങൾക്ക് ഒരുസമയം 20,000 രൂപവരെ 2000 രൂപ നോട്ടുകൾ കൈമാറ്റം ചെയ്യാം. അക്കൗണ്ട് ഇല്ലാത്ത ഒരാൾക്ക് ഏത് ബാങ്ക് ശാഖയിലും ഒരേ സമയം 20,000 രൂപ എന്ന പരിധി വരെ 2000 നോട്ടുകൾ മാറ്റാം.

വ്യവസായത്തിനോ മറ്റ് ആവശ്യങ്ങൾക്കോ ഒരാൾക്ക് 20,000 രൂപയിൽ കൂടുതൽ പണം ആവശ്യമുണ്ടെങ്കിൽ നിയന്ത്രണങ്ങളില്ലാതെ അക്കൗണ്ടുകളിൽ നിക്ഷേപം നടത്താം. 2000 രൂപ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാനും അതിനുശേഷം ഈ നിക്ഷേപങ്ങളിൽ നിന്ന് പണം പിൻവലിക്കാനും കഴിയും.