ആർഎസ്എസ് പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തി എഴുതുന്നു: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തി എഴുതുന്നു എന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ ഒരു മാറ്റവും വരുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. തുഞ്ചൻപറമ്പിൽ എം ടിയ്ക്ക് ആദരവ് അർപ്പിക്കാൻ വേണ്ടി സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഒരുകാലത്തും സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിലുള്ള വർഗീയ നീക്കങ്ങൾ വരുമ്പോൾ മതനിരപേക്ഷകർ എന്ന് പറയുന്ന ചിലർ എതിർക്കാൻ തയ്യാറാവുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

കേരളീയർക്ക് അഭിമാനമാണ് എം ടി. മതനിരപേക്ഷയുടെ ഇടമായി തുഞ്ചൻപറമ്പിനെ മാറ്റി. മലയാളികൾക്ക് എം ടി അക്ഷര മഹത്വമാണ്. എം ടി തന്റെ പ്രവർത്തനത്തിലൂടെ സാംസ്കാരിക പ്രവർത്തനം എങ്ങനെയാകണമെന്ന മാതൃക കാണിച്ചു. എന്നാൽ ഇന്ന് എഴുത്തുകാർക്ക് സമൂഹത്തിലെ ജീർണ്ണത തുറന്നു കാണിക്കുവാൻ കഴിയുന്നില്ല. മതേതര ശക്തികൾ അതിന് അനുവദിക്കുന്നില്ല എന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.