ന്യൂഡല്‍ഹി: ഐ.പി.എസ് ഓഫീസര്‍മാരുള്‍പ്പടെ സേനയിലെ എല്ലാ ഉദ്യോഗസ്ഥരുടേയും ശരീരഭാരം, ഉയരം, ആരോഗ്യസ്ഥിതി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഔദ്യോഗികമായി രേഖപ്പെടുത്താനൊരുങ്ങി അസം പോലീസ്. ആരോഗ്യം മെച്ചപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മാസം വരെ സമയം നല്‍കുമെന്നും ഓഗസ്റ്റ് പതിനഞ്ചിനു ശേഷം ബി.എം.ഐ പരിശോധനയാരംഭിക്കുമെന്നും അസം ഡി.ജി.പി. ജി.പി. സിങ് അറിയിച്ചു.
എന്നാല്‍, അതിനു ശേഷവും ശാരീരിക സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ സ്വയം വിരമിക്കലാവശ്യപ്പെടുമെന്നും ഡി.ജി.പി വ്യക്തമാക്കി. തൈറോയ്ഡ് അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദ്യം ശരീരഭാര സൂചിക പരിശോധനയ്ക്കു വിധേയനാകുന്നത് താനാണെന്നും ഡി.ജി.പി. വ്യക്തമാക്കി. ആരോഗ്യമുള്ളവരെ നിലനിര്‍ത്തി മറ്റുള്ളവരെ ക്രമേണ സേനയില്‍ നിന്ന് നീക്കിയേക്കുമെന്നാണ് വിവരം.
അതേസമയം, അസം പോലീസ് സേനയില്‍ എഴുപതിനായിരത്തിനടുത്ത് ഉദ്യോഗസ്ഥരാണുള്ളത്. ഇതില്‍ 650-ഓളം പേര് അമിതഭാരം, അമിത മദ്യപാനം തുടങ്ങി വിവിധ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നവരാണ് എന്നാണ് റിപ്പോര്‍ട്ട്.

