വന്ദന കൊലക്കേസ്: പ്രതി സന്ദീപിനായി ഹാജരായത് അഡ്വ. ആളൂര്‍

കൊട്ടാരക്കര: ഡോക്ടര്‍ വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് വേണ്ടി അഭിഭാഷകന്‍ ബി എ ആളൂര്‍ ഹാജരായി. സന്ദീപിനെ ശനിയാഴ്ച വരെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വിടാന്‍ കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

അതേസമയം, വന്ദനയെ കുത്താനുപയോഗിച്ച കത്രിക സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തതിനാല്‍ തെളിവെടുപ്പിന് പ്രതിയെ കസ്റ്റഡിയില്‍ വിടേണ്ട കാര്യമില്ലെന്നാണ് ആളൂര്‍ കോടതിയില്‍ വാദിച്ചത്. ഡോക്ടറെ ആക്രമിച്ചതുകൊണ്ട് സന്ദീപിന് വൈദ്യസഹായം ലഭിച്ചില്ല എന്നും ആളൂര്‍ ആരോപിച്ചു. സന്ദീപിന്റെ ഇടതു കാലിന് പരിക്ക് പറ്റി, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. ഇതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു ആളൂരിന്റെ ആവശ്യം.

എന്നാല്‍, കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിടണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം കോടതി പരിഗണിച്ചു.