ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അനുസരിക്കും; തന്റെ ജോലി ഭംഗിയായി ചെയ്തുവെന്ന് ഡി കെ ശിവകുമാർ

ബംഗളൂരു: ഹൈക്കമാൻഡ് എന്തു തീരുമാനമെടുത്താലും അനുസരിക്കുമെന്ന് ഡി കെ ശിവകുമാർ. ചർച്ചകൾക്കായി ഡൽഹിയിൽ എത്തണമെന്ന ഹൈക്കമാൻഡ് ആവശ്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് തന്റെ ജന്മദിനമാണെന്നും പ്രവർത്തകർ എത്തുന്നതിനാൽ തിരക്കുണ്ടെന്നുമാണ് അദ്ദേഹം ഇതിന് കാരണമായി പറഞ്ഞത്.

സോണിയ ഗാന്ധിയുടെയും മറ്റു പാർട്ടി നേതാക്കളുടെയും തീരുമാനത്തിൽ വിശ്വാസമുണ്ട്. ജനങ്ങൾ കോൺഗ്രസിനു ഭൂരിപക്ഷം നൽകിയിട്ടുണ്ട്. തന്റെ ജോലി ഭംഗിയായി ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കർണാടക മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾക്കായി സിദ്ധരാമയ്യ ഇന്ന് ഉച്ചയ്ക്ക് ബെംഗളൂരുവിൽ നിന്നു ഡൽഹിയിലേക്കു തിരിക്കും. നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുത്ത എഐസിസി നിരീക്ഷകർ ഓരോ എംഎൽഎയോടും നേരിട്ട് സംസാരിച്ച് അഭിപ്രായം തേടിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കു ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കും. ഇതിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുക.

എഐസിസി ഇന്നു രാത്രി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട. രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനമെന്നാണ് വിവരം. കർണാടകയിൽ വ്യാഴാഴ്ച്ചയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയെന്നാണ് റിപ്പോർട്ട്. ഗാന്ധി കുടുംബാംഗങ്ങളും, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.