ബാങ്കുകളിലെ അവകാശികളില്ലാതെ കിടക്കുന്ന പണത്തിന്റെ നാഥരെ കണ്ടെത്തൽ; പുതിയ പദ്ധതിയുമായി ആർബിഐ

ന്യൂഡൽഹി: ബാങ്കുകളിലെ അവകാശികളില്ലാതെ കിടക്കുന്ന പണത്തിന്റെ നാഥരെ കണ്ടെത്താൻ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ച് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തെ എല്ലാ ജില്ലകളിലും ബാങ്കുകൾ അവരുടെ മികച്ച 100 നിക്ഷേപങ്ങൾ കണ്ടെത്തി തീർപ്പാക്കുന്നതിന് ഇടപാടുകാരെയും അവകാശികളെയും സഹായിക്കുന്നതിനായി 100 ദിവസത്തെ പ്രത്യേക ക്യാംപെയിൻ ആരംഭിക്കുമെന്നാണ് ആർബിഐ വ്യക്തമാക്കിയിട്ടുള്ളത്. 2023 ജൂൺ ഒന്ന് മുതൽ ബാങ്കുകൾ ക്യാംപെയിൻ ആരംഭിക്കുമെന്നാണ് വിവരം.

10 വർഷമായി പ്രവർത്തനരഹിതമായ സേവിംഗ്‌സ്/കറന്റ് അക്കൗണ്ടുകളിലെ ബാലൻസുകൾ, നിക്ഷേപ കാലാവധി പൂർത്തിയായിട്ടും പിൻവലിക്കാത്ത നിക്ഷേപങ്ങൾ എന്നിവ അൺക്ലെയിംഡ് ഡെപ്പോസിറ്റുകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തും.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് ഈ തുകകൾ ബാങ്കുകൾ മാറ്റുകയാണ് പതിവ്. രാജ്യത്തെ എല്ലാ ജില്ലകളിലെയും എല്ലാ ബാങ്കുകളുടെയും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്തി 100 ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ ആണ് പ്രത്യേക ക്യാംപെയ്ൻ നടത്തുന്നതെന്ന് ആർബിഐ അറിയിച്ചു. ഒന്നിലധികം ബാങ്കുകളിലുള്ള ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന് പൊതുജനങ്ങൾക്കായി ഒരു കേന്ദ്രീകൃത വെബ് പോർട്ടൽ തയ്യാറാക്കാനും ആർബിഐ പദ്ധതിയിടുന്നുണ്ട്.