ഇടവ മാസപൂജകൾക്കായി ശബരിമല ക്ഷേത്രം തുറന്നു

സന്നിധാനം: ഇടവ മാസപൂജകൾക്കായി ശബരിമല ക്ഷേത്രം തുറന്നു. വൈകുന്നേരം 5 മണിയ്ക്കാണ് ക്ഷേത്രനട തുറന്നത്. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രമേൽശാന്തി വി ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നടതുറന്ന് ദീപങ്ങൾ തെളിച്ചു. മേൽശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകൾ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുൻവശത്തായുള്ള ആഴിയിൽ അഗ്നി പകർന്നു. പിന്നീട് കണ്ഠരര് മഹേഷ് മോഹനര് അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.

മാളികപ്പുറം ക്ഷേത്രനട തുറന്ന് മേൽശാന്തി ഹരിഹരൻ നമ്പൂതിരി മവിളക്ക് തെളിച്ച് ഭക്തർക്ക് മഞ്ഞൾപ്രസാദം വിതരണം ചെയ്തു. ഇടവം ഒന്നായ മെയ് 15 ന് പുലർച്ചെ 5 മണിക്ക് ക്ഷേത്ര നടതുറക്കും. നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടക്കും. 5.30ന് മഹാഗണപതി ഹോമവും തുടർന്ന് നെയ്യഭിഷേകം, 7.30 ന് ഉഷപൂജ. 15 മുതൽ 19 വരെയുള്ള 5 ദിവസങ്ങളിൽ ഉദയാസ്തമയപൂജ, 25 കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. മെയ് 19 ന് രാത്രി 10മണിക്ക് ഹരിവരാസനം പാടി ശബരിമല ക്ഷേത്രനട അടയ്ക്കും.

ഭക്തർക്ക് ദർശനത്തിനായി വെർച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്ത് എത്താം. നിലയ്ക്കലിൽ സ്പോട്ട് ബുക്കിങ് സംവിധാനമുണ്ട്. അതേസമയം, പ്രതിഷ്ഠാദിന പൂജകൾക്കായി മെയ് 29 ന് വൈകുന്നേരം തിരുനട വീണ്ടും തുറക്കും. 30 ന് ആണ് പ്രതിഷ്ഠാദിനം. പൂജകൾ പൂർത്തിയാക്കി 30 ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുന്നത്.