കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ ആകില്ല; വന്ദനാദാസിന്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപി

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോക്ടർ വന്ദനാദാസിന്റെ വീട് സന്ദർശിച്ച് നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ഗോപി. ഉച്ചയ്ക്ക് 1.20 ഓടെയാണ് അദ്ദേഹം വന്ദനയുടെ വീട്ടിലെത്തിയത്. കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയ അദ്ദേഹം വന്ദനയുടെ അച്ഛൻ കെ കെ മോഹൻദാസിനെയും അമ്മ വസന്തകുമാരിയെയും ആശ്വസിപ്പിച്ചു.

വന്ദനയുടെ വിയോഗത്തിലുണ്ടായ ദു:ഖത്തിൽ പങ്കുചേരാൻ പ്രമുഖരടക്കം നിരവധി പേർ വീട്ടിലെത്തിയിരുന്നെങ്കിലും ആരെയും കാണാൻ വസന്തകുമാരി തയ്യാറായിരുന്നില്ല. എന്നാൽ സുരേഷ് ഗോപിയോട് സംസാരിക്കണമെന്ന് വസന്തകുമാരി ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയോട് ചില കാര്യങ്ങൾ പറയാൻ കുടുംബം തന്നെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹത്തെ കാണാൻ ശ്രമിച്ച് കാര്യങ്ങൾ അറിയിക്കുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

ഒരു സാമൂഹിക ശുദ്ധീകരണം സംസ്ഥാനത്ത് അനിവാര്യമാണ്. സമൂഹം ചില തിരുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു. കുഞ്ഞു നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ ആകില്ലെന്നും സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.