‘കേരളത്തില്‍ വ്യവസായമോ വ്യാപാരമോ നടത്തുന്നതിനേക്കാള്‍ നല്ലത് ആ പണം ബാങ്കില്‍ നിക്ഷേപിക്കുന്നത്’; പ്രവാസികളോട് ഗണേഷ് കുമാര്‍ എംഎല്‍എ

റിയാദ്: കേരളത്തില്‍ തല്‍ക്കാലം ആരും ബിസിനസോ സംരഭങ്ങളോ തുടങ്ങരുതന്നും ഉള്ള പണം ബാങ്കുകളില്‍ നിക്ഷേപിക്കലാണ് ബുദ്ധിയെന്നും കെ. ബി ഗണേഷ് കുമാര്‍ എംഎല്‍എ. റിയാദില്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ മൂന്നാം വാര്‍ഷിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗണേഷ്‌കുമാറിന്റെ വാക്കുകള്‍

‘പ്രവാസികള്‍ ഇപ്പോള്‍ നില്‍ക്കുന്നത് പൊന്മുട്ടയിടുന്ന താറാവുള്ള സ്ഥലത്താണ്. എന്നാല്‍ നാട്ടിലെത്തിയാല്‍ ചവിട്ടു കിട്ടുന്ന താറാവാകും. തല്‍ക്കാലത്തേക്ക് ആരും കേരളത്തില്‍ വ്യവസായമോ വ്യാപാരമോ നടത്താന്‍ ഒരുങ്ങരുത്. അതിനേക്കാള്‍ നല്ലത് ആ പണം ബാങ്കില്‍ നിക്ഷേപിക്കുന്നതാണ്. പ്രവാസ ജീവിതം കൊണ്ട് ഉണ്ടാകുന്ന പണം നാട്ടില്‍ വന്ന് നിക്ഷേപിച്ചാല്‍ എന്താകും എന്ന കാര്യം നിങ്ങളോര്‍ക്കണം. നിങ്ങള്‍ക്കിപ്പോ ഇവിടെ നല്ല ജോല്ലിയുണ്ട്, ബിസിനസുണ്ട്. അപ്പോള്‍ അതാണ് നല്ലത്. നമ്മുടെ നാട് ബിസിനസ് സൗഹൃദമായിട്ടില്ല. ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടുകയല്ല, കൃത്യമായ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടത്. ആരോഗ്യവകുപ്പില്‍ അന്വേഷണം പ്രഖ്യാപിക്കലും റിപ്പോര്‍ട്ട് തേടലുമല്ലാതെ മറ്റൊന്നും നടക്കുന്നില്ല. പൊതുജനം കഴുതയല്ലെന്ന് മനസിലാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കഴിയണം.

സ്‌കൂട്ടറില്‍ കുഞ്ഞുങ്ങളെ ഇരുത്തിക്കൊണ്ടു പോകുന്നതിന് ഫൈന്‍ ഈടാക്കുന്നതിന് എതിര് പറഞ്ഞ കേരളത്തിലെ ഒരേയൊരു രാഷ്ട്രീയക്കാരന്‍ ഞാന്‍ മാത്രമേയുള്ളൂ. മുഖ്യമന്ത്രിക്കിത് കേള്‍ക്കുമ്പോള്‍ ദേഷ്യം വരില്ലേന്ന് അന്ന് പലരുമെന്നോട് ചോദിച്ചു. സത്യം പറയുമ്പോള്‍ എന്തിനാണ് ദേഷ്യം വരുന്നത്. മുഖ്യമന്ത്രി തന്നെ പറഞ്ഞു ഇക്കാര്യത്തില്‍ ഇടപെടുമെന്ന്. ഞാന്‍ പറഞ്ഞത് ജനങ്ങളുടെ ശബ്ദമാണ്. അതാണ് മുഖ്യമന്ത്രി കേട്ടത്. പ്രശ്‌നം പരിഹരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. അനീതിക്കെതിരെ പ്രതികരിക്കുന്നവരാകണം രാഷ്ട്രീയപ്രവര്‍ത്തകര്‍. അത് സര്‍ക്കാരിനെ നാറ്റിക്കലല്ല. അതിനര്‍ത്ഥം ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നുവെന്നാണ്. എന്നെ നിയമസഭയില്‍ പറഞ്ഞുവിട്ടത് ജനങ്ങളാണ്. അവരുടെ കാര്യം പറയേണ്ടത് സഭയിലാണ്. അതുകൊണ്ടാണ് അവിടെ പറയുന്നത്. മിണ്ടാതിരുന്നാല്‍ ഇയാളെ മന്ത്രിയാക്കും. അങ്ങനെയുള്ള യാതൊരു സ്ഥാനമാനങ്ങളും ആഗ്രഹമില്ല. മിണ്ടാതിരുന്നിട്ട് ഒരു സ്ഥാനമാനവും വേണ്ട. നിയമസഭയില്‍ പോയി പേടിച്ച് കാലിനിടയില്‍ കയ്യും വച്ച് പമ്മിയിരുന്നിട്ട് എഴുന്നേറ്റു വരാനാണോ എന്നെ അവിടേക്കു പറഞ്ഞുവിട്ടത്? വാഴപ്പാറയില്‍ താമസിക്കുന്ന ഷീബയുടെ വയറ്റില്‍നിന്ന് പഴുപ്പ് ഒഴുകിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ അക്കാര്യം പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിക്കും ദേഷ്യം വരില്ലേയെന്ന് പലരും ചോദിച്ചു. വരട്ടെ. അതിനെന്താ കുഴപ്പം? ഇവിടെ നിങ്ങള്‍ അനൗണ്‍സ് ചെയ്തത് എന്താണ്? പത്തനാപുരത്തിന്റെ ശബ്ദം നിയമസഭയില്‍ മുഴങ്ങിക്കേള്‍ക്കാന്‍ എന്നല്ലേ? ഗണേശ് കുമാര്‍ നിയമസഭയില്‍ പോയി അരികിലിരുന്ന് അലവന്‍സും വാങ്ങി മിണ്ടാതെ പോരട്ടെ എന്നല്ലല്ലോ പറഞ്ഞത്. ഗണേശ് കുമാറിന് നിയമസഭയില്‍ പോകാനും അവിടെ പോയി മിണ്ടാതിരിക്കാനും വോട്ടു ചെയ്യാം എന്നും ആരും പറയുന്നില്ല. ഇവിടുത്തെ ആള്‍ക്കാരുടെ കാര്യം പറയാനാണ് എന്നെ പറഞ്ഞുവിട്ടത്. അത് പറയുക തന്നെ വേണം. അതിന് ആരും പിണങ്ങേണ്ട കാര്യമില്ല. അന്ന് അതു പറഞ്ഞതുകൊണ്ട് ആ സഹോദരി സുഖം പ്രാപിച്ചു.

എനിക്ക് മന്ത്രിസ്ഥാനമോ മറ്റ് പദവികളോ ലഭിക്കുമെന്ന് കരുതി കൂടെയുള്ള പാര്‍ട്ടി നേതാക്കളെയോ ജനങ്ങളെയോ വഞ്ചിച്ചുകൊണ്ട് ഒരിക്കലും ഞാന്‍ പ്രവര്‍ത്തിക്കില്ല. എനിക്ക് ഒരു സ്ഥാനവും വേണ്ട. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തീരാത്തതിനാല്‍ മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ്. വികസനരേഖയില്‍ ചര്‍ച്ചയുണ്ടായില്ല, അഭിപ്രായം മാത്രമാണ് തേടിയത്. ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ ഒരു മടിയുമില്ല. പത്തനാപുരത്തെ ജനങ്ങള്‍ വോട്ട് ചെയ്യുന്നതുകൊണ്ടാണ് ഞാന്‍ നിയമസഭയിലേക്ക് വരുന്നത്. അവിടെ എല്‍ഡിഎഫിനും യുഡിഎഫിനും വേണ്ടി മത്സരിച്ചിട്ടുണ്ട്. കൂടിയാലോചനകള്‍ ഇല്ലെന്ന് തുറന്നുപറയാന്‍ മടിയില്ല.’