ഫോൺ വിളിച്ചാൽ എടുക്കില്ല,ഡബ്ബിംഗിന് വരില്ല; സൗബിൻ ഷാഹിറിനെതിരെ ഗുരുതര ആരോപണവുമായി ഒമർ ലുലു

തിരുവനന്തപുരം: നടൻ സൗബിൻ ഷാഹിറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ഒമർ ലുലു. സൗബിൻ ഫോൺ വിളിച്ചാൽ എടുക്കില്ലെന്നാണ് ഒമർ ലുലു പറയുന്നത്. ഡബ്ബിംഗിന് വരില്ലെന്ന ആരോപണവും ഒമർ ലുലു ഉന്നയിക്കുന്നുണ്ട്. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഒമർ ലുലു സൗബിനെതിരെ വിമർശനം ഉന്നയിച്ചത്.

പുതുമുഖങ്ങളെ വച്ചാണ് താൻ കൂടുതലും സിനിമ ചെയ്തിട്ടുള്ളത്. പല ആളുകളും പറയുന്നത് കേട്ടിട്ടുണ്ട്, പല നടന്മാരും ഫോൺ ചെയ്താൽ പോലും എടുക്കാറില്ലെന്ന്. ഹാപ്പി വെഡ്ഡിംഗിന്റെ സമയത്ത് അങ്ങനെയാണ് സൗബിനുമായി പ്രശ്നം തുടങ്ങിയത്. ഡബ്ബിംഗിന് വിളിച്ചാൽ വരില്ല. സൗബിൻ വന്ന് ഡബ്ബ് ചെയ്‌തോയെന്ന് പോപ്കോൺ എന്ന സിനിമ നടക്കുന്ന സമയം ഷൈൻ ടോം ചാക്കോ തന്നെ തനിക്ക് മെസേജ് അയച്ച് ചോദിച്ചിട്ടുണ്ടെന്നും ഇതിപ്പോൾ ഷൈൻ സമ്മതിക്കുമോയെന്നറിയില്ലെന്നും ഒമർ ലുലു വെളിപ്പെടുത്തി.

നിലവിൽ മലയാള സിനിമയിലെ പുതുമുഖങ്ങളാണ് പ്രശ്നം. തന്റെ സിനിമയിൽ സിദ്ദിഖ് ഇക്ക, ഇടവേള ബാബു ചേട്ടൻ, മുകേഷേട്ടൻ, ഉൾവശി ചേച്ചി ഒക്കെ അഭിനയിച്ചിട്ടുണ്ട്. അവരൊക്കെ വരുന്ന സമയം പറയും. അതിനനുസരിച്ച് നമുക്ക് ഷൂട്ട് ചെയ്യാം. ബ്ലോക്കോ മറ്റോ ഉണ്ടായാൽ അര മണിക്കൂർ വൈകിയാലായി. പക്ഷേ അവരുടെ കമ്മ്യൂണിക്കേഷൻ കൃത്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.