അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജി ഉൾപ്പെടെ 68 ജുഡീഷ്യൽ ഓഫീസർമാരുടെ സ്ഥാനക്കയറ്റത്തിന് സ്റ്റേ; ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജി ഹരീഷ് ഹസ്മുഖ് ഭായ് വർമ ഉൾപ്പെടെ 68 ജുഡീഷ്യൽ ഓഫീസർമാർക്ക് സ്ഥാനക്കയറ്റം നൽകിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ് സ്ഥാനക്കയറ്റത്തിന് എതിരായ ഹർജി. വിജ്ഞാപനം ഇറക്കിയത് അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീം കോടതി അറിയിച്ചു. രാജ്കോട്ട് ജില്ലാ ജഡ്ജിയായാണ് സൂറത്ത് മജിസ്ട്രേറ്റ് കോടതി ജഡ്ജിയായ എച്ച് എച്ച് വർമയ്ക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നത്. 65% പ്രമോഷൻ ക്വാട്ടയിൽ സ്ഥാനക്കയറ്റം നൽകാനുള്ള പട്ടികയിൽ വർമ ഉൾപ്പെട്ടിരുന്നു. 200 ൽ 127 മാർക്കാണ് ഇദ്ദേഹത്തിന് ലഭിച്ചത്.

സ്ഥാനക്കയറ്റത്തിനെതിരെ ഹർജി നൽകിയത് സീനിയർ സിവിൽ ജഡ്ജി കേഡറിലെ രണ്ട് ജുഡീഷ്യൽ ഓഫീസർമാരാണ്. ഗുജറാത്ത് സർക്കാരിന്റെ നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറി രവികുമാർ മേത്ത, ഗുജറാത്ത് സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിലെ അസിസ്റ്റന്റ് ഡയറക്ടർ സച്ചിൻ പ്രതാപ് റായ് മേത്ത എന്നിവരാണ് ഹർജിക്കാർ. മാർച്ച് 10 ന് ഹൈക്കോടതി പുറപ്പെടുവിച്ച സെലക്ഷൻ ലിസ്റ്റും തുടർന്ന് ജഡ്ജിമാരെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ വിജ്ഞാപനവും റദ്ദാക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. മെറിറ്റും സീനിയോറിറ്റിയും പരിഗണിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കാൻ ഹൈക്കോടതിയോട് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.