മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡേ സർക്കാർ അധികാരത്തിൽ തുടരാൻ തടസമില്ല; സുപ്രീംകോടതി

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡേ സർക്കാർ അധികാരത്തിൽ തുടരാൻ തടസമില്ലെന്ന് സുപ്രീംകോടതി. എന്നാൽ, ഉദ്ധവ് താക്കറെ സർക്കാരിനോട് വിശ്വാസ വോട്ടെപ്പിന് നിർദ്ദേശിച്ച ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമായിരുന്നുവെന്നാണ് സുപ്രീം കോടതി ഭരണഘടന ബഞ്ച് വ്യക്തമാക്കിയത്.

സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് തെളിയിക്കാനുള്ള രേഖകൾ ഗവർണർക്ക് മുന്നിൽ ഇല്ലായിരുന്നുവെന്നും ശിവസേനയിലെ തർക്കം വിശ്വാസ വോട്ടെടുപ്പിന് കാരണമാകാൻ പാടില്ലായിരുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എന്നാൽ, രാജിവച്ചതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനസ്ഥാപിക്കാനാവില്ലെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.

അതേസമയം, തന്റെ പോരാട്ടം ജനാധിപത്യത്തിന് വേണ്ടിയായിരുന്നുവെന്ന് ഉദ്ധവ് താക്കറെ അറിയിച്ചു. രാജി വെച്ചില്ലായിരുന്നെങ്കിൽ തന്നെ അധികാരത്തിൽ തിരികെയെത്തിക്കുമായിരുന്നുവെന്ന് കോടതി പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.