എറണാകുളം: കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ നിർമ്മിച്ചത് 2.57 ലക്ഷം ശുചിമുറികൾ. ഒൻപത് വർഷം കൊണ്ട് 2,57,772 വ്യക്തിഗത ശുചിമുറികളാണ് നിർമ്മിച്ചത്. കൂടാതെ 1263 കമ്മ്യൂണിറ്റി ശുചിമുറി സമുച്ചയങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തി പണി കഴിപ്പിച്ചിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
സർക്കാർ പുച്ഛിച്ചു തള്ളിയ കേന്ദ്രസർക്കാർ ധനസഹായ പദ്ധതിയാണ് സ്വച്ഛ് ഭാരത്. കേന്ദ്രസർക്കാർ പദ്ധതിയെ പുച്ഛിക്കുകയും എതിർക്കുകയും ചെയ്ത പിണറായി സർക്കാർ ശുചിമുറികളുടെ നിർമാണം സ്വന്തം ഫണ്ടും നേട്ടവുമായാണ് പ്രചരിപ്പിക്കുന്നത്.
കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിയാണ് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര കുടിവെള്ള, ശുചിത്വ വകുപ്പ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

