എംഎല്‍എമാരെ വിശ്വാസമില്ലാത്ത സര്‍ക്കാരും, മുഖ്യമന്ത്രിയെ വിശ്വാസമില്ലാത്ത എംഎല്‍എമാരും; കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി

ന്യൂഡല്‍ഹി: രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസമന്ദില്‍ വിവിധ വികസന പദ്ധതികള്‍ക്ക് തുടക്കംകുറിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘എം.എല്‍.എ.മാരെ വിശ്വാസമില്ലാത്ത സര്‍ക്കാരും മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തിനെ വിശ്വാസമില്ലാത്ത എം.എല്‍.എ.മാരുമാണ് രാജസ്ഥാന്‍ കോണ്‍ഗ്രസിലുള്ളത്. സര്‍ക്കാരിലെ എല്ലാവരും പരസ്പരം ഇകഴ്ത്തുന്നതില്‍ മത്സരിക്കുകയാണ്. മുഖ്യമന്ത്രിക്കസേര അഞ്ചുവര്‍ഷവും ഇങ്ങനെ കുഴപ്പത്തിലായിക്കഴിഞ്ഞാല്‍ രാജസ്ഥാന്റെ വികസനം ആര് ശ്രദ്ധിക്കും?’- പ്രധാനമന്ത്രി ചോദിച്ചു.

അതേസമയം, 2020-ല്‍ സച്ചിന്റെ നേതൃത്വത്തിലുള്ള വിമത എം.എല്‍.എ.മാര്‍ തന്നെ താഴെയിറക്കാന്‍ ശ്രമിച്ചെന്നും ബി.ജെ.പി നേതാക്കളായ വസുന്ധര രാജെയും മറ്റു രണ്ട് ബി.ജെ.പി. നേതാക്കളും വിമത എം.എല്‍.എ.മാരുടെ ഈ നീക്കത്തെ പിന്തുണയ്ക്കാന്‍ വിസമ്മതിച്ചെന്നും ഗെഹ്ലോത്ത് പറഞ്ഞിരുന്നു. എന്നാല്‍, അശോക് ഗെഹ്ലോത്തിന്റെ നേതാവ് സോണിയാ ഗാന്ധിയല്ല, വസുന്ധര രാജെയാണെന്ന് മുന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടി.