ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണം; കേന്ദ്രനിയമം കൊണ്ടുവരാനുള്ള കരട് പുറത്തിറക്കിയെങ്കിലും പിന്‍വലിച്ചു

ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിന് കേന്ദ്രനിയമം കൊണ്ടുവരാനുള്ള കരട് സര്‍ക്കാര്‍ പുറത്തിറക്കിയെങ്കിലും പല സംസ്ഥാനങ്ങളിലും നിയമമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്രം ഇത് പിന്‍വലിക്കുകയായിരുന്നു.

വിഷയം സംബന്ധിച്ച് ഐഎംഎ 2021ല്‍ പ്രതിഷേധം നടത്തിയിരുന്നു. 2019 ലാണ് രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകരുടെയും സ്ഥാപനങ്ങളുടെയും സംരക്ഷണത്തിനുള്ള കേന്ദ്രനിയമത്തിന് നടപടി തുടങ്ങിയത്. കടുത്ത അതിക്രമത്തിന് മൂന്നുമുതല്‍ പത്തുവര്‍ഷം വരെ തടവും പത്തുലക്ഷം രൂപവരെ പിഴയുമായിരുന്നു ശിക്ഷ. 2019 സെപ്തംബറിലാണ് നിയമത്തിന്റെ കരട് പുറത്തിറക്കിയത്. എന്നാല്‍ കഴിഞ്ഞ ജൂലായില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കിയ വിവരാവാകാശ രേഖയില്‍ തുടര്‍ നടപടി ഒഴിവാക്കിയെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ക്രമസമാധാനം സംസ്ഥാന വിഷയമായതിനാല്‍ ഈ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ നിയമം പാസാക്കുന്നതാണ് ഉചിതമെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്.

അതേസമയം, സുപ്രീം കോടതിയില്‍ എത്തിയ പൊതു താത്പര്യ ഹര്‍ജിയിലും ഇതേ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. കേരളമടക്കം 24 സംസ്ഥാനങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി നിയമം പാസാക്കിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമത്തില്‍ പൊലീസ് അവരുടെ വിവേചനാധികാരം ഉപയോഗിച്ച് മാത്രമാണ് ഇപ്പോഴും കേസെടുക്കുന്നത്.