ന്യൂഡൽഹി: ജൂലായ് 31 നുള്ളിൽ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂർത്തിയാക്കണമെന്ന് നിർദ്ദേശം നൽകി സുപ്രീം കോടതി. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ഓഗസ്റ്റ് നാലിന് കേസ് വീണ്ടും പരിഗണിക്കുമെന്നും അതിനുള്ളിൽ വിചാരണ പൂർത്തിയാക്കി റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നുമാണ് നിർദ്ദേശം.
ഒരോ തവണയും കേസിന്റെ പുരോഗതി സംബന്ധിച്ച് ഒരേ തരത്തിലുള്ള റിപ്പോർട്ടാണ് വിചാരണ കോടതി ജഡ്ജി അയക്കുന്നത്. വിചാരണ കോടതി ജഡ്ജി യന്ത്രമല്ലെന്നും ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. എന്നാൽ, ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന വീഴ്ചയാണ് വിചാരണ വൈകുന്നതിന് കാരണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ വ്യക്തമാക്കി.
സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം ദീലീപിന്റെ അഭിഭാഷകർ നീട്ടിക്കൊണ്ടു പോകുന്നുവെന്നാണ് സംസ്ഥാനത്തിന്റെ വാദം. ഇരുപത്തിമൂന്ന് ദിവസമായി എതിർ വിഭാഗം ക്രോസ് എക്‌സാമിനേഷൻ നടത്തുകയാണെന്നാണ് സംസ്ഥാനം കോടതിയിൽ വിശദീകരിച്ചത്. മുതിർന്ന അഭിഭാഷകൻ രഞ്ജീത്ത് കുമാർ, സ്റ്റാന്റിംഗ് കോൺസൽ നിഷേ രാജൻ ഷൊങ്കർ തുടങ്ങിയവരാണ് സംസ്ഥാനത്തിനായി കോടതിയിൽ ഹാജരായത്. അതേസമയം, ഓൺലൈൻ മുഖേനയുള്ള വിചാരണയിൽ സാങ്കേതിക പ്രശ്‌നങ്ങളൂണ്ടെന്നും സാങ്കേതിക പ്രശ്‌നങ്ങളുടെ പേരിൽ തന്നെ കുറ്റപ്പെടുത്തരുതെന്നും ദിലീപിന്റെ അഭിഭാഷക രഞ്ജീത റോത്തഗി കോടതിയിൽ പറഞ്ഞു. അഞ്ച് ദിവസം കൂടിയാണ് ക്രോസ് വിസ്താരം പൂർത്തിയാക്കാൻ വേണ്ടതെന്നും ദിലീപ് കോടതിൽ വിശദീകരിച്ചു.

