ന്യൂഡൽഹി: ലൈംഗികാരോപണം നേരിടുന്ന റെസ്ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിങ്ങിനെ മെയ് 21 നുള്ളിൽ അറസ്റ്റ് ചെയ്തില്ലെങ്കിൽ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ് നൽകി ഡൽഹി ജന്തർ മന്തറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ. സമരത്തിലേർപ്പെട്ടിരിക്കുന്ന ഗുസ്തി താരങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്ന സമിതിയാണ് വിഷയത്തിൽ അന്ത്യശാസനം നൽകി രംഗത്തെത്തിയത്. വാർത്താ സമ്മേളനത്തിലാണ് ഗുസ്തി താരങ്ങൾ ഇക്കാര്യം അറിയിച്ചത്.
അതേസമയം, കർഷകരോ മറ്റോ ഗുസ്തി താരങ്ങളുടെ സമരം കയ്യേറിയിട്ടില്ലെന്നും അനീതിക്കെതിരെയുള്ള പോരാട്ടത്തിൽ അവരും പങ്കാളികളായതാണെന്നും വിനേഷ് ഫോഗട്ട് വ്യക്തമാക്കി. ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടികായത്ത്, ഖാപ് മേഹം 24 മേധാവി മെഹർ സിങ്, സംയുക്ത കിസാൻ മോർച്ച നേതാവ് ബൽദേവ് സിങ് സിർസ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. സമരത്തിന്റെ മേൽനോട്ടം റെസ്ലേഴ്സ് കമ്മിറ്റി നിർവഹിക്കുമെന്നും തങ്ങൾ പുറമെ നിന്ന് താരങ്ങൾക്ക് വേണ്ട പിന്തുണ നൽകുമെന്നും രാകേഷ് ടികായത്ത് അറിയിച്ചു.
പ്രശ്നപരിഹാരത്തിന് സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ സമരം കൂടുതൽ ശക്തമായ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുമെന്നാണ് രാകേഷ് ടികായത് അറിയിച്ചത്. അടിയന്തര സാഹചര്യമുണ്ടാകുകയോ ഗുസ്തി താരങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടേണ്ടി വരികയോ വരുന്ന പക്ഷം രാജ്യത്തെ മൊത്തം ജനങ്ങളും താരങ്ങൾക്ക് പിന്നിൽ അണിനിരക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

