ദ കേരള സ്റ്റോറി എന്ന ചിത്രത്തിന്റ തിരക്കഥ തന്റെ സൃഷ്ടി; വെളിപ്പെടുത്തലുമായി മലയാളി ചലച്ചിത്ര പ്രവർത്തകൻ

തിരുവനന്തപുരം: ദ കേരള സ്റ്റോറി എന്ന ചിത്രത്തിന്റ തിരക്കഥ തന്റെ സൃഷ്ടിയാണെന്ന വെളിപ്പെടുത്തലുമായി മലയാളി ചലച്ചിത്ര പ്രവർത്തകൻ. യുവ ചലച്ചിത്രകാരനായ യദു വിജയകൃഷ്ണനാണ് ഇത്തരമൊരു അവകാശവാദവുമായി രംഗത്തെത്തിയത്. ചിത്രത്തിനായി പ്രവർത്തിച്ചിട്ടും അണിയറ പ്രവർത്തകർ യാതൊരു വിധത്തിലുമുള്ള നന്ദിയും രേഖപ്പെടുത്തിയില്ലെന്നും അദ്ദേഹം ആരോപിക്കുന്നു. ഒരു മാദ്ധ്യമത്തോടാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

2017ൽ ദ കേരളാ സ്റ്റോറി സംവിധായകനായ സുദീപ്‌തോ സെന്നുമായി ജിഹാദുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയിൽ പ്രവർത്തിച്ചു. ഈ ബന്ധം വഴി 2021ൽ സമാന വിഷയത്തിൽ ഹിന്ദി ചിത്രം ചെയ്യാൻ അനുയോജ്യമായ സ്‌ക്രിപ്പ്റ്റ് ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചുവെന്ന് യദു പറയുന്നു.

തുടർന്ന് വൺലൈൻ എഴുതി നൽകി. അതിന് അംഗീകാരം ലഭിച്ചതോടെ എഴുത്ത് ആരംഭിച്ചു. ഒരു വർഷത്തോളം നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഫൈനൽ ഡ്രാഫ്റ്റ് തയ്യാറാക്കിയത്. സ്‌ക്രിപ്റ്റ് കൈമാറിയതിന് ശേഷം പ്രൊഡക്ഷൻ കമ്പനി താനാണ് സ്‌ക്രിപ്റ്റ് റൈറ്റർ എന്ന നിലയിലുള്ള കരാർ പിൻവലിച്ചുവെന്നും യദു ആരോപിച്ചു.