വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം ഒരുലക്ഷം കടന്നു

കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം ഇതിനകം ഒരുലക്ഷം കടന്നു. ഞായറാഴ്ച വൈകീട്ട് 5 വരെയുള്ള കണക്കുപ്രകാരം 1,06,528 ആണ് യാത്രക്കാരുടെ എണ്ണം.

നിലവില്‍ ഹൈക്കോടതി-വൈപ്പിന്‍ റൂട്ടിലും കാക്കനാട്-വൈറ്റില റൂട്ടിലുമാണ് വാട്ടര്‍ മെട്രോ സര്‍വീസുള്ളത്. 20 രൂപ ടിക്കറ്റ് ചെലവില്‍ കൊച്ചിയുടെ കായല്‍ കാഴ്ച ആസ്വദിക്കാന്‍ കഴിയുമെന്നതിനാല്‍ ഹൈക്കോടതി വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ അവധി ദിവസങ്ങളിലുള്‍പ്പെടെ തിരക്കാണ് അനുഭവപ്പെടുന്നത്. അതിനിടെ, വൈറ്റില-കാക്കനാട് റൂട്ടില്‍ തിരക്കേറിയതോടെ കഴിഞ്ഞ ദിവസം സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു.

ഏപ്രില്‍ 25-ന് വാട്ടര്‍ മെട്രോ ഉദ്ഘാടനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം മുതലാണ് സര്‍വീസ് ആരംഭിച്ചത്. ഹൈക്കോടതി-വൈപ്പിന്‍ സര്‍വീസ് തുടങ്ങിയ 26-ന് വാട്ടര്‍ മെട്രോ ഉപയോഗിച്ചവരുടെ എണ്ണം 6,559 ആയിരുന്നു. വൈറ്റില-കാക്കനാട് സര്‍വീസ് തുടങ്ങിയ 27-ന് ആ റൂട്ടില്‍ യാത്ര ചെയ്തവരുടെ എണ്ണം 7,039-ഉം.