‘ദി കേരള സ്റ്റോറി’: പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകള്‍

ചെന്നൈ: ‘ദി കേരള സ്റ്റോറി’യുടെ പ്രദര്‍ശനം തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലെക്‌സ് തിയേറ്ററുകള്‍ അവസാനിപ്പിച്ചു. മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്റെ തീരുമാനപ്രകാരമാണ് ചിത്രത്തിന്റെ പ്രദര്‍ശനം അവസാനിപ്പിച്ചത്. ക്രമസാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്‌ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്തുത കൂടി പരിഗണിച്ചാണ് അസോസിയേഷന്‍ തീരുമാനമെടുത്തത്.

അകേസമയം, വെള്ളിയാഴ്ചയാണ് തമിഴ്നാട്ടില്‍ ചിത്രം റിലീസ് ചെയ്തത്. തിയേറ്ററുകള്‍ കുറവായിരുന്നെങ്കിലും ചില സിംഗിള്‍ സ്‌ക്രീനുകളിലും മള്‍ട്ടിപ്ലെക്‌സുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. ഇതില്‍ ചില സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററുകള്‍ നേരത്തേതന്നെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു. മള്‍ട്ടിപ്ലെക്‌സുകള്‍ കൂടി പിന്മാറുന്നതോടെ തമിഴ് നാട്ടില്‍ ഇനി ‘ദി കേരള സ്റ്റോറി’ക്ക് പ്രദര്‍ശനം ഉണ്ടായിരിക്കില്ല.

എന്നാല്‍, കേരളത്തില്‍ 21 സ്‌ക്രീനുകളിലാണ് ‘ദി കേരള സ്റ്റോറി’ പ്രദര്‍ശനം ആരംഭിച്ചത്. പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആര്‍ നേരത്തേ നിശ്ചയിച്ചിരുന്ന പ്രദര്‍ശനങ്ങളില്‍ നിന്ന് പിന്മാറിയിരുന്നു. കേരളത്തിലും ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്ക് പുറത്ത് പൊലീസ് സാന്നിധ്യമുണ്ടായിരുന്നു.