തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പണിമുടക്കി സമരം നടത്തുന്നവരുടെ ശമ്പളം പിടിക്കുമെന്ന് മുന്നറിയിപ്പ്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിഐടിയു നേതാക്കൾ തനിക്കെതിരായി ഉന്നയിക്കുന്ന ആരോപണങ്ങളെ വ്യക്തിപരമായി എടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് അർധരാത്രി മുതലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ശമ്പള വിതരണത്തിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയനാണ് 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തത്. കഴിഞ്ഞ മാസത്തെ ശമ്പളത്തിൽ ആദ്യഗഡു മാത്രമാണ് കെഎസ്ആർടിസിയിലെ തൊഴിലാളികൾക്ക് ലഭിച്ചത്. അഞ്ചാം തീയതിക്ക് മുൻപ് മുഴുവൻ ശമ്പളമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടാതെ വന്നതോടെയാണ് തൊഴിലാളി സംഘടനകൾ സമരം നടത്തുന്നത്.
ഇന്ന് രാത്രി 12 മണി മുതൽ നാളെ രാത്രി 12 വരെയാണ് ബിഎംഎസ് പണിമുടക്കുന്നത്. എന്നാൽ സമരം അംഗീകരിക്കില്ലെന്നും മൂന്നുദിവസത്തെ സർവീസിനെ ബാധിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

