കൊച്ചി: 100 കോടി രൂപയുടെ അഴിമതിയാണ് എഐ ക്യാമറ ഇടപാടിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൺട്രോൾ റൂമും ക്യാമറയും അടക്കം മുഴുവൻ സാധനങ്ങളും വാങ്ങുന്നതിന് ട്രോയിസ് നൽകിയ പ്രെപ്പോസൽ 57 കോടി രൂപയുടേതാണ്. എന്നിട്ടാണ് 151 കോടി രൂപയ്ക്ക് ടെണ്ടർ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു പ്രകാശ് ബാബു കൺസോർഷ്യത്തിന്റെ ആദ്യ യോഗത്തിൽ പങ്കെടുത്തു. പണം നഷ്ട്ടപ്പെട്ട കമ്പനികൾ അത് മടക്കി കിട്ടാൻ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രകാശ് ബാബുവിനെ സമീപിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കൂടി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അൽഹിന്ദ് കമ്പനി തന്നെ ഇതിലെ തട്ടിപ്പ് സംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. സർക്കാരിനെ അറിയിച്ചിരുന്നു എന്നാണ് ഇതിന്റെ അർത്ഥം. പ്രസാദിയയുടെ നിയന്ത്രണത്തിലാണ് മുഴുവൻ ഇടപാടും നടന്നത്. തട്ടിപ്പെന്ന് വ്യവസായമന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും അറിയാമായിരുന്നു. ഇരുവരുടെയും കൈകൾ കെട്ടപ്പെട്ടിരുന്നുവെന്നും ഇരുവരും അഴിമതി നടത്തിയെന്ന് ആരോപിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
കെ ഫോണിലും സമാനമായ ഇടപാടുകളാണ് നടന്നത്. കറക്കുകമ്പനികൾ മതിയെന്ന് സർക്കാർ തന്നെ തീരുമാനിക്കുകയാണ്. പ്രിൻസിപ്പൽ കരാറിലടക്കം പ്രശ്‌നമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

