മുംബൈ: എൻസിപിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാനുള്ള തീരുമാനം പിൻവലിച്ച് ശരദ് പവാർ. പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ എതിർപ്പിനെ തുടർന്നാണ് തീരുമാനം ശരദ് പവാർ പിൻവലിച്ചത്. പാർട്ടിയിൽ തലമുറ മാറ്റത്തിനുള്ള സാധ്യതകളാണ് താത്കാലികമായി അടഞ്ഞത്.
നേതൃസ്ഥാനത്ത് തുടരാൻ പവാറിനോട് അഭ്യർഥിച്ച് മുംബൈയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗം പ്രമേയം പാസാക്കിയിരുന്നു. എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള ശരത് പവാറിന്റെ രാജി കമ്മറ്റി തള്ളി. മുതിർന്ന നേതാവ് പ്രഫുൽ പട്ടേലാണ് എൻസിപി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. പവാറിന്റെ രാജി നിരസിക്കാനും നേതൃസ്ഥാനത്ത് അദ്ദേഹം തുടരണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നതായിരുന്നു പ്രമേയം.
എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ശരദ് പവാർ നടത്തിയത്. മുംബൈയിൽ നടന്ന ആത്മകഥാ പ്രകാശന ചടങ്ങിലാണ് അദ്ദേഹം ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എൻസിപി രൂപീകരിച്ചത് മുതൽ ശരത് പവാറാണ് പാർട്ടി അദ്ധ്യക്ഷൻ.

