ചാരവൃത്തി; ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ

പുനെ: ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിൽ. ചാരവൃത്തിയുടെ പേരിലാണ് ഡിആർഡിഒ ശാസ്ത്രജ്ഞൻ അറസ്റ്റിലായത്. പ്രദീപ് കുരുൽക്കർ എന്ന ശാസ്ത്രജ്ഞനെയാണ് മുംബൈ എടിഎസ് (തീവ്രവാദ വിരുദ്ധ സേന) അറസ്റ്റ് ചെയ്തത്. പൂനെയിൽ വെച്ചായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാൾ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയെന്നാണ് റിപ്പോർട്ട്. റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടറാണ് പ്രദീപ് കുരുൽക്കർ. ഔദ്യോഗിക രഹസ്യ നിയമം (ഒഫിഷ്യൽ സീക്രട്ട്‌സ് ആക്ട് 1923) പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇയാൾ സ്വന്തം പദവി ദുരുപയോഗം ചെയ്ത് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വിവരങ്ങൾ കൈമാറിയെന്ന് എടിഎസ് ആരോപിക്കുന്നു. സമൂഹമാധ്യമങ്ങൾ വഴി വോയ്‌സ് മെസേജുകളിലൂടെയും വിഡിയോ കോളുകളിലൂടെയും സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ വിവരങ്ങൾ കൈമാറിയെന്നാണ് അധികൃതർ കണ്ടെത്തിയിട്ടുള്ളത്. ബുധനാഴ്ചയായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്.

ഹണിട്രാപ്പിലൂടെയാണ് ചാരവൃത്തി നടന്നതെന്ന് എടിഎസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നും മിസൈലുകൾ ഉൾപ്പെടെയുള്ള ഡിആർഡിഒയുടെ തന്ത്രപ്രധാനമായ നിരവധി പദ്ധതികളിൽ ഇയാൾ പങ്കാളിയായിട്ടിട്ടുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.