തിരുവനന്തപുരം: മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിനുള്ള സമുദ്രജല കൂടുകൃഷി കാര്യക്ഷമമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല വിദേശരാജ്യങ്ങളിലും നടപ്പാക്കുന്ന ഈ രീതിയുടെ പ്രചാരണം ശക്തിപ്പെടുത്തും. മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിച്ചേ സർക്കാർ മുന്നോട്ടു പോകൂ. സമുദ്ര സാങ്കേതികവിദ്യയിൽ മുന്നിൽ നിൽക്കുന്ന രാജ്യമായ നോർവേയുടെ സഹകരണത്തോടെ ആധുനിക രീതിയിൽ മത്സ്യകൂടുകളിൽ വിപണിമൂല്യം കൂടിയ മത്സ്യങ്ങൾ കൃഷി ചെയ്യുന്ന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് ആലോചന. നോർവേയിലെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി യാഥാർഥ്യമാക്കും. കാലാനുസൃതമായ മാറ്റത്തിലാണ് ഓരോ മേഖലയുടെ വളർച്ചയും നിലനിൽപ്പും. കേരള സ്റ്റേറ്റ് ഫിഷറീസ് ഇന്നവേഷൻ കൗൺസിൽ സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഇത്തരത്തിൽ മത്സ്യബന്ധന മേഖലയിലെ നവീകരണത്തിലുള്ള ഇടപെടൽ നടത്തിയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.
പ്രതിസന്ധികളിലും മത്സ്യത്തൊഴിലാളികളെ കൈപിടിച്ചുയർത്തുന്ന നയമാണ് സംസ്ഥാന സർക്കാരിന്റേത്. ആഴക്കടൽ മത്സ്യബന്ധന യാനങ്ങളുടെ വിതരണോദ്ഘാടനം നീണ്ടകര പോർട്ട് വാർഫിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മത്സ്യബന്ധന മേഖലയിലെ കാലാവസ്ഥ വ്യതിയാനം, മത്സ്യസമ്പത്തിന്റെ ശോഷണം തുടങ്ങിയ സാഹചര്യങ്ങളെ അതിജീവിച്ച് മുന്നോട്ടുപോകും. പുതിയ കാലത്തിനൊത്ത് മേഖലയെ പരിവർത്തിപ്പിക്കും. ഇതിന്റെ ഭാഗമായാണ് ആധുനിക സൗകര്യങ്ങൾ സജ്ജമാക്കിയ യാനങ്ങൾ വിതരണം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പരമ്പരാഗത യാനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ആധുനിക സൗകര്യങ്ങൾ നൽകുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. സുരക്ഷാ, നാവിഗേഷൻ ഉപകരണങ്ങൾ വിതരണം ചെയ്യും. പരമ്പരാഗത പ്ലൈവുഡ് യാനങ്ങൾക്ക് പകരം എഫ് ആർ പി ബോട്ടുകൾ നൽകും. ഇതിൽ 400 എണ്ണം വിതരണം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. പുതിയ സാങ്കേതികവിദ്യകൾ നടപ്പാക്കിയും ഇൻസുലേറ്റർ ബോക്സ് നൽകിയും മത്സ്യഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന പദ്ധതി ഈ വർഷം മുതൽ നടപ്പാക്കും. തൊഴിലാളികൾക്ക് നേട്ടം ഉണ്ടാകുന്നതിന് വിപണന വിതരണ ശൃംഖലയെ നവീകരിക്കും. ന്യായവിലയും വിപണിയിൽ മത്സ്യത്തിന്റെ ഗുണനിലവാരവും ഉറപ്പാക്കും. വിപണി നവീകരണത്തിന്റെ ഭാഗമായി ഫിഷ് മാർട്, ഓൺലൈൻ മത്സ്യവിപണനം നടപ്പാക്കി വരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്തെ തിരഞ്ഞെടുത്ത 51 മത്സ്യമാർക്കറ്റുകൾ ആധുനികവത്കരിക്കുന്നതിന് 137.81 കോടി രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ജില്ലയിൽ നെടുമൺകാവ് ആധുനിക മത്സ്യമാർക്കറ്റ് നിർമാണത്തിന് അഞ്ച് കോടിയുടെ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

