തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് മുന്നറിയിപ്പുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് കെ റെയിൽ പദ്ധതിയെ പരാജയപ്പെടുത്തിയതുപോലെ എഐ ക്യാമറ പദ്ധതിയെയും എതിർത്തു തോൽപ്പിക്കുമെന്നാണ് സുധാകരൻ വ്യക്തമാക്കുന്നത്. ജനങ്ങളെ മുച്ചൂടും കൊള്ളയടിക്കുന്ന പദ്ധതിക്കെതിരെ തെരുവിലിറങ്ങി സമരം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
എഐ പദ്ധതി സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന പിന്നാമ്പുറ കഥകളാണ് പുറത്തുവന്നത്. കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനിരിക്കുന്നു. 5 വർഷം കൊണ്ട് 424 കോടി രൂപ ജനങ്ങളിൽ നിന്ന് പിഴയായി പിരിച്ചു തരാമെന്നാണ് കെൽട്രോൺ നൽകിയ വാഗ്ദാനം. എന്നാൽ നിലവിലുള്ള രീതിയിൽ നടപ്പാക്കിയാൽ അത് 1000 കോടിയെങ്കിലും വരും. അതിനുവേണ്ടിയാണ് യാതൊരു തയാറെടുപ്പും ബോധവത്കരണവും നടത്താതെ ധൃതഗതിയിൽ പദ്ധതി നടപ്പാക്കിയത്. ഈ മാസം 20ന് പദ്ധതി വീണ്ടും നടപ്പാക്കാൻ യാതൊരുവിധ തയാറെടുപ്പോ ബോധവത്കരണ പരിപാടിയോ നടപ്പാക്കുന്നില്ല. ഇതിനെല്ലാം ഒത്താശ നല്കി മുഖ്യമന്ത്രിയും പാർട്ടിയും കട്ടയ്ക്ക് കൂടെനിന്നതിന് കിട്ടിയ പ്രതിഫലം മൂലമാണ് ജനങ്ങൾ കെണിയിലായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്താക്കുറിപ്പിലൂടെയാണ് കെ സുധാകരന്റെ പ്രതികരണം.
മുഖ്യമന്ത്രിയുടെ വീട്ടിൽ വരെ എത്തിയിട്ടും തന്നെ കണ്ടാൽ കിണ്ണം കട്ടവനാണെന്നു തോന്നുമോ എന്ന മട്ടിൽ അദ്ദേഹം നിശബ്ദനാണ്. മുഖ്യമന്ത്രി എല്ലാ പദ്ധതികളിലും നിന്ന് കൈയ്യിട്ടുവാരുന്നു എന്നത് ഒരുകാലത്ത് ആരോപണമായിരുന്നെങ്കിൽ ഇന്നത് യാഥാർത്ഥ്യമായി നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഇന്നു പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥ ഉണ്ടായത്. ഉത്തരകൊറിയൻ ഏകാധിപതിയേക്കാൾ വലിയ സുരക്ഷിതത്ത്വത്തോടെ അദ്ദേഹം നടക്കുന്നത് ജനങ്ങളെ ഭയന്നാണ്. ഏതു പദ്ധതി നടത്തിയാലും അതിൽ കയ്യിട്ടുവാരുന്ന ഏകാധിപതികൾക്കെല്ലാം കാലം കാത്തുവച്ചിരിക്കുന്നത് ജനങ്ങളുടെ ചെരിപ്പേറും കൂക്കുവിളിയുമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

