ഇടുക്കി: അരിക്കൊമ്പനെ പെരിയാർ കടുവ സങ്കേതത്തിലേക്ക് മാറ്റും. മണിക്കൂറുകൾ നീണ്ട് പരിശ്രമങ്ങൾക്കൊടുവിലാണ് അരിക്കൊമ്പനെ പിടികൂടിയത്. അരിക്കൊമ്പനെ പിടികൂടിയ ശേഷം എവിടേക്ക് മാറ്റുമെന്ന കാര്യം വനംവകുപ്പ് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട വനമേഖലയിലേക്ക് മാറ്റുമെന്നാണ് വനംവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.
കുമളിയിൽ നിന്ന് 22 കിലോമീറ്റർ അകലെയുള്ള സ്ഥലമാണ് സീനിയറോട. ജനവാസ കേന്ദ്രത്തിൽ നിന്ന് 21 കിലോമീറ്റർ അകലെയായതിനാൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നാണ് വനംവകുപ്പിന്റെ നിഗമനം. അതേസമയം, കുമളി പഞ്ചായത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കി സബ് കളക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അതേസമയം, അരിക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനംമന്ത്രി എ കെ ശശീന്ദ്രൻ രംഗത്തെത്തിയിരുന്നു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ എല്ലാവിധ പിന്തുണയും നൽകിയ ജനപ്രതിനിധികൾ, നാട്ടുകാർ, ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

