ഓപ്പറേഷൻ കാവേരി; സുഡാനിൽ നിന്നും രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനം ഡൽഹിയിലെത്തി

ന്യൂഡൽഹി: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും രക്ഷപ്പെടുത്തിയ ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനം സൗദി അറേബ്യയിൽ നിന്നും ഡൽഹിയിലെത്തി. സൗദി എയർലൈൻസ് വിമാനത്തിൽ 360 പേരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. 19 മലയാളികളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഓപ്പറേഷൻ കാവേരിയ്ക്ക് കീഴിലെ ആദ്യ ദൗത്യമാണ് ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നത്.

അതേസമയം, ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിൽ നിന്ന് കേന്ദ്ര സർക്കാർ തിരികെയെത്തിക്കുന്ന മലയാളികളുടെ നാട്ടിലേയ്ക്കുള്ള യാത്ര ചെലവ് സംസ്ഥാന സർക്കാർ വഹിക്കും. ഇന്ത്യയിലെത്തിക്കുന്ന മലയാളികളെ അതത് വിമാനത്താവളങ്ങളിൽ നിന്നും നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കേരളീയ പ്രവാസികാര്യ വകുപ്പിനെ (നോർക്ക) ചുമതലപ്പെടുത്തി.

സംഘർഷം രൂക്ഷമായ സുഡാനിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നടപടികൾ കൈക്കൊള്ളണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരത്തെ കത്തയച്ചിരുന്നു.