ചാര്‍ധാം തീര്‍ഥാടനം; ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ തുറന്നു

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുള്ള ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങള്‍ തീര്‍ഥാടനത്തിനായി തുറന്നു. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധമി ഗംഗോത്രി ക്ഷേത്രത്തില്‍ പ്രത്യേകപൂജകള്‍ നടത്തിയതോടൊപ്പം തീര്‍ഥാടകര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു.

അതേസമയം, ഉത്തരാഖണ്ഡ് രുദ്രപ്രയാഗില്‍ കാലാവസ്ഥ മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് തീര്‍ത്ഥാടനം പുനരാരംഭിച്ചത്. യാത്രയുടെ ഭാഗമായി ശക്തമായ സുരക്ഷയാണ് എല്ലാ സ്ഥലങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 25-ന് കേദാര്‍നാഥും 27-ന് ബദരിനാഥും തീര്‍ഥാടനത്തിനായി തുറക്കും. കേദാര്‍നാഥ് തുറക്കുന്നതോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ക്ഷേത്രത്തില്‍ 20 ക്വിന്റല്‍ പൂക്കള്‍ കൊണ്ട് അലങ്കൃതമാക്കിയിരുന്നു.

പതിനേഴ് ലക്ഷത്തോളം പേരാണ് ഇത്തവണ ചാര്‍ധാം യാത്രക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ ചാര്‍ധാം യാത്രയ്ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതിലൂടെ സഞ്ചാരികളെ ട്രാക്ക് ചെയ്യാനും തിരക്കുകള്‍ ഒഴിവാക്കാനും സാധിക്കും. പ്രധാന ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് തിരക്ക് ഒഴിവാക്കാനായി തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ വഴി തന്നെ ടോക്കണുകള്‍ നല്‍കും.