ആലപ്പുഴ: റേഷന്‍ സാധനങ്ങള്‍ നേരിട്ടെത്തി വാങ്ങാന്‍ സാധിക്കാത്ത അതിദരിദ്ര വിഭാഗത്തിലെ ഗുണഭോക്താക്കള്‍ക്ക് ജില്ലയിലെ ‘ഒപ്പം’ പദ്ധതി പ്രകാരം സാധനങ്ങള്‍ ഓട്ടോറിക്ഷക്കാര്‍ സൗജന്യമായി വീടുകളിലെത്തിക്കുന്നു. എല്ലാ മാസവും പത്താം തീയതിക്കുള്ളില്‍ റേഷന്‍ കട ഉടമകള്‍ ഓട്ടോ ഡ്രൈവര്‍മാരുടെ കൈവശം സാധനങ്ങള്‍ കൊടുത്തുവിടും. ഗുണഭോക്താക്കളുടെ വീടിന്റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഓട്ടോ തൊഴിലാളികളുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്.
അതേസമയം, ഇ-പോസ് മെഷീന് വീടുകളിലേക്ക് കൊണ്ടുപോകാനാവാത്തതിനാല്‍ ഗുണഭോക്താക്കള്‍ക്ക് താല്കാലിക രസീത് ഓട്ടോകളില്‍ തന്നെ കൊടുത്തുവിടും. റേഷന്‍ കൈപ്പറ്റിയതായി ഗുണഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തിയാല്‍ മാത്രമേ ഇ-പോസ് മെഷീനില്‍ രേഖപ്പെടുത്തുകയുള്ളൂ.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായ ഓട്ടോ ഡ്രൈവര്‍മാര്‍ ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയാവും കടയില്‍ നിന്ന് വീടുകളില്‍ സൗജന്യമായി സാധനങ്ങള്‍ എത്തിച്ചുകൊടുക്കുക.

