വന്ദേഭാരത് കേരളത്തിന്റെ അവകാശം; കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. വന്ദേഭാരത് കേരളത്തിന്റെ അവകാശമാണെന്നും കേന്ദ്രത്തിന്റെ ഔദാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡിവൈഎഫ്‌ഐ ജില്ലാക്കമ്മിറ്റി നടത്തിയ ‘യങ്ങ് ഇന്ത്യ-ആസ്‌ക് ദ പിഎം’ പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റെയിൽവേ വികസനത്തിൽ കടുത്ത അവഗണനയാണ് കേന്ദ്രത്തിന്റേത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള റെയിൽ പാത വിപുലീകരിയ്ക്കാതെ വന്ദേഭാരത് എക്‌സ്പ്രസിന് വേഗത്തിലോടാൻ കഴിയില്ല. എന്നാൽ പാത വിപുലീകരിക്കാൻ ഒരു നടപടിയും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല. കടുത്ത അവഗണനയാണ് റെയിൽവേയുടെ കാര്യത്തിൽ കേരളത്തിന് നേരിടേണ്ടി വന്നിട്ടുള്ളത്. വന്ദേഭാരത് കെ-റെയിലിനു ബദലല്ല. കെ-റെയിൽ കേരളത്തിന് അനിവാര്യണ്. സിൽവർലൈൻ അടഞ്ഞ അധ്യായമല്ലെന്ന് കേന്ദ്രമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദി വരുന്നതുകൊണ്ട് കേരളത്തിലെ മത നിരപേക്ഷ അന്തരീക്ഷത്തിന് ഒരു പ്രശ്‌നവും വരാനില്ല. മോദി വന്നാൽ മതനിരപേക്ഷത കൂടുതൽ ശക്തിപ്പെടുകയേ ഉള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച യുവജന സംഗമമാണ്
ഡിവൈഎഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റും കേരള സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്. ഡി വൈ എഫ് ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ജി ലിജീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം. വിജിൻ എംഎൽഎ, കെ ഇ എൻ, കെപി രാമനുണ്ണി, കെ കെ ദിനേശൻ, കെ കെ ലതിക, എസ് കെ സജീഷ്, കെ എം സച്ചിൻ ദേവ് എം എൽ എ,കെ അരുൺ, കെ ഷെഫീഖ്, ദിപു പ്രേമനാഥ്, കെ എം നിനു തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും ജില്ലാ ട്രഷറർ ടി കെ സുമേഷ് നന്ദിയും പറഞ്ഞു.