തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന് സംഭവിച്ചത് ഗുരുതര സുരക്ഷാവീഴ്ച. എഡിജിപി ഇന്റലിജൻസ് തയ്യാറാക്കിയ സുരക്ഷാ സ്കീം ചോർന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂർണ്ണ വിവരങ്ങൾ ഉൾപ്പെടെ ചോർന്നുവെന്നാണ് വിവരം. വിവിഐപി സുരക്ഷയുടെ സമഗ്രവിവരങ്ങൾ ചോർന്നുവെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്ന ജില്ലകളിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമാണ് സുരക്ഷാ റിപ്പോർട്ട് നൽകിയിരുന്നത്. എഡിജിപി ഇന്റലിജൻസ് ടികെ വിനോദ് കുമാർ റിപ്പോർട്ട് ചോർന്നതിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോർച്ചയുടെ സാഹചര്യത്തിൽ പുതിയ സുരക്ഷാ സ്കീം തയ്യാറാക്കാനും ആരംഭിച്ചു.
പ്രധാനമന്ത്രി കേരളത്തിൽ എത്തിചേരുന്നത് മുതൽ മടങ്ങി പോകുന്നതുവരെ ഏതൊക്കെ ഉദ്യോഗസ്ഥർ ഏതൊക്കെ പോയിന്റിലുണ്ടാകണം, അടിയന്തര ഘട്ടം വന്നാൽ സ്വീകരിക്കേണ്ട ബദൽ മർഗങ്ങൾ തുടങ്ങിയ വിവരങ്ങളെല്ലാം ചോർന്ന സുരക്ഷാ സ്കീമിൽ ഉണ്ടായിരുന്നു. പുൽവാമയിലെ തീവ്രവാദ ആക്രമണവും, പിഎഫ്ഐ നിരോധിച്ചതിന് ശേഷമുള്ള സാഹചര്യവും ഗൗരവത്തോടെ കണ്ട് സുരക്ഷ ഒരുക്കേണ്ടതിന്റെ ആവശ്യം റിപ്പോർട്ടിൽ വിശദമാക്കിയിരുന്നു.

