തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം പരിപാടിയിൽ ഒരു ലക്ഷത്തിലേറെ യുവതി യുവാക്കൾ എത്തുമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ. യുവം പരിപാടിയിൽ രജിസ്‌ട്രേഷൻ ഒന്നര ലക്ഷത്തോളം ആയതായി അദ്ദേഹം അറിയിച്ചു.
ഡിവൈഎഫ്‌ഐക്കെതിരെ അദ്ദേഹം വിമർശനം ഉന്നയിക്കുകയും ചെയ്തു. പ്രധാനമന്ത്രി കേരളത്തിലെ യുവാക്കളെ കാണുന്നതിൽ എന്തിനാണ് ഡിവൈഎഫ്‌ഐക്ക് ഭയമെന്ന് അദ്ദേഹം ചോദിക്കുന്നു. ഡിവൈഎഫ്‌ഐക്ക് ഉള്ള മറുപടി യുവമോർച്ചയുടെ ഏതെങ്കിലും പഞ്ചായത്ത് പ്രസിഡന്റ് നൽകുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ യുവാക്കളെ അണിനിരത്തി നടത്തുന്ന സംവാദത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള നീക്കത്തിലാണ് സിപിഎം. കൊച്ചിയിൽ യുവം പരിപാടി നടക്കുന്നതിന്റെ തലേദിവസം ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപക റാലി സംഘടിപ്പിക്കുന്നുണ്ട്. അഞ്ച് ലക്ഷത്തോളം യുവാക്കളെ റാലിയിൽ പങ്കെടുപ്പിക്കാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം. പ്രധാനമന്ത്രിയോടുള്ള നൂറ് ചോദ്യങ്ങളുമായാണ് ഏപ്രിൽ 23 ന് ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപക റാലി സംഘടിപ്പിക്കുന്നത്.

