കാര്യങ്ങൾ നോക്കാൻ അറിയില്ലെങ്കിൽ രാജിവച്ചൊഴിയുകയാണ് വേണ്ടത്; അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കെജ്രിവാൾ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഡൽഹി സാകേത് കോടതിയിലുണ്ടായ വെടിവയ്പ്പുമായി ബന്ധപ്പെട്ടാണ് കെജ്രിവാളിന്റെ വിമർശനം. ക്രമസമാധാന നില തകർന്നുവെന്നും കാര്യങ്ങൾ നോക്കാൻ അറിയില്ലെങ്കിൽ രാജിവച്ചൊഴിയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാതെ എല്ലാവരും സ്വന്തം കാര്യം നോക്കുകയാണ് വേണ്ടതെന്നും കെജ്രിവാൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസമാണ് സാകേതിലെ മൂന്നാം നമ്പർ കോടതിയിൽ വെടിവെയ്പ്പ് നടന്നത്. വെടിവയ്പ്പിൽ യുവതിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കോടതി ഡീ ബാർ ചെയ്ത അഭിഭാഷകനാണ് വെടിയുതിർത്തതെന്നും ദാമ്പത്യ തർക്കമാണ് അക്രമത്തിന് പിന്നിലെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.