ജമ്മു കശ്മീരിലെ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു. പഞ്ചാബ് സർക്കാരാണ് സൈനികരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചത്. ഒരു കോടി രൂപ സഹായധനം നൽകുമെന്നാണ് പ്രഖ്യാപനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മൻ ആണ് ധനസഹായം നൽകണമെന്ന് ഉത്തരവിട്ടത്. പൂഞ്ചിൽ നടന്ന ഭീകരാക്രമണത്തിൽ അഞ്ച് സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതിൽ നാലു പേർ പഞ്ചാബ് സ്വദേശികളാണ്.

അതേസമയം, കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി. അടുത്ത മാസം ജി20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരിൽ നടക്കാനിരിക്കെയാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. അതിനാൽ തന്നെ ഈ ആക്രമണത്തെ ഗൗരവത്തോടെയാണ് കേന്ദ്ര സർക്കാർ നോക്കിക്കാണുന്നത്. ജെയ്ഷേ മുഹമ്മദ് അനൂകൂല സംഘടനയാണ് ആക്രമണം നടത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

എൻഐഎ സംഘവും, ബോംബ് സ്‌ക്വാഡും സ്പെഷ്യൽ ഓപ്പറേഷൻസ് ടീമും പ്രദേശത്ത് പരിശോധന നടത്തി. കേസിൽ എൻഐഎ അന്വേഷണം നടത്തും.