പ്ലാച്ചിമടയിൽ 35 ഏക്കർ ഭൂമിയും കെട്ടിടവും സംസ്ഥാന സർക്കാരിന് കൈമാറാൻ തീരുമാനിച്ച് കൊക്കോകോള കമ്പനി

പാലക്കാട്: പ്ലാച്ചിമടയിൽ കൈവശം വെച്ചിരിക്കുന്ന 35 ഏക്കർ ഭൂമിയും കെട്ടിടവും സംസ്ഥാന സർക്കാരിന് കൈമാറാൻ തീരുമാനിച്ച് കൊക്കോകോള കമ്പനി. ഭൂമിയും കെട്ടിടവും കൈമാറാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഹിന്ദുസ്ഥാൻ കൊക്കോകോള ബിവറേജ് ലിമിറ്റഡ് സിഇഒ ഹ്വാൻ പാബ്ലോ റോഡ്രീഗസ് മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി. കർഷകരുടെ നേതൃത്വത്തിൽ ആരംഭിക്കാൻ പോകുന്ന ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന് കമ്പനിയുടെ കൈവശമുള്ള ഭൂമി വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാർ ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. മന്ത്രി കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലാണ് ചർച്ച നടന്നത്.

ഈ ചർച്ചകൾക്കൊടുവിലാണ് ഭൂമിയും കെട്ടിടവും സർക്കാരിന് വിട്ടു നൽകാൻ കമ്പനി തീരുമാനിച്ചത്. കർഷകർക്ക് വേണ്ടി ഒരുക്കുന്ന ഡെമോ ഫാമിന്റെ നിർമ്മാണത്തിന് വേണ്ടി വരുന്ന സാങ്കേതിക സഹായം നൽകാൻ തയ്യാറാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.