തിരുവനന്തപുരം: വയനാട് മേപ്പാടിയിൽ യുവതിയുടെ ഗാർഹിക പീഡന പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയ വനിതാ പ്രൊട്ടക്ഷൻ ഓഫീസറെ നായയെ അഴിച്ചു വിട്ടു ക്രൂരമായി ആക്രമിച്ച സംഭവം അത്യന്തം അപലപനീയവും അതിക്രൂരവുമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആക്രമണത്തിന് ഇരയായ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ മായാ എസ് പണിക്കറുമായി സംസാരിച്ചുവെന്നും മന്ത്രി അറിയിച്ചു.
ശരീരത്തിലെ മുറിവുകളുടെ വേദനയ്ക്കൊപ്പം നായയുടെ ആക്രമണത്തിന്റെ ഭീകരത ഏൽപ്പിച്ച നടുക്കത്തിലാണ് മായയുള്ളത്. അന്വേഷണത്തിന് ചെന്ന വീട്ടിൽ സംഭവത്തിൽ പ്രതിയായ ജോസിന്റെ ഭാര്യയുടെ പരാതിയിൽ ആവശ്യമായ നടപടികൾ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ അതിനോടകം എടുത്തിരുന്നു. പിന്നീട് ആവശ്യപ്പെട്ട പ്രകാരം നിയമ സഹായവും ഉറപ്പാക്കി. എന്നാൽ നിയമസഹായം ഉറപ്പാക്കിയിട്ടും അവരത് തേടിയെത്താതിരിക്കുകയും പല തവണ ഫോൺ വിളിച്ചിട്ടും അവരെടുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലുമാണ് വുമൺ പ്രൊട്ടക്ഷൻ ഓഫീസർ പരാതിക്കാരിക്ക് എന്ത് സംഭവിച്ചു എന്നറിയാൻ വീട്ടിൽ അന്വേഷിച്ചു ചെന്നത്. അത്രയും ആത്മാർഥതയോടെ സ്വന്തം കർത്തവ്യം ചെയ്യുകയായിരുന്ന ഓഫീസറെയാണ് നായയെ വിട്ടു ആക്രമിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
ഉണ്ടായ സംഭവങ്ങൾ കേട്ടുകൊണ്ടിരിക്കാൻ നമുക്കാവില്ല. മായക്കൊപ്പം ഫാമിലി കൗൺസിലറും ഉണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതിയായ ജോസിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഒരു കാരണവശാലും ഇങ്ങനെയുള്ള സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല. അതിനാൽ തന്നെ കർശനമായി ഇതിനെ നേരിടുമെന്നും വീണാ ജോർജ് വിശദമാക്കി.

