6,003.65 കോടിയുടെ ദേശീയ ക്വാണ്ടം ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

6,003.65 കോടി രൂപയുടെ ദേശീയ ക്വാണ്ടം ദൗത്യത്തിന് അംഗീകാരം നല്‍കി കേന്ദ്ര മന്ത്രിസഭാ യോഗം. ക്വോണ്ടം കംപ്യൂട്ടിങ് മേഖലയിലെ ഗവേഷണങ്ങളും ഉപകരണ നിര്‍മാണവും പരിപോഷിപ്പിക്കുക എന്നതാണ് ലക്ഷ്യത്തോടെയുള്ള ഈ അത്യാധുനിക കംപ്യൂട്ടിങ് മേഖലയിലേക്ക് അമേരിക്ക, ചൈന, കാനഡ, ഫ്രാന്‍സ്, ഫിന്‍ലന്‍ഡ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ കാലെടുത്തുവച്ചിരിക്കുന്നത്.

കംപ്യൂട്ടിങ്, വാര്‍ത്താവിനിമയം, സൈബര്‍ സുരക്ഷ തുടങ്ങി ഒട്ടനവധി മേഖലകളില്‍ വന്‍ കുതിപ്പാണ് ക്വോണ്ടം ടെക്നോളജി നടത്താനൊരുങ്ങുന്നത്. അതിപ്രതികരണ ശേഷിയുള്ള മാഗ്‌നെറ്റോമീറ്ററുകള്‍, അതീവ കൃത്യതയുള്ള ആറ്റമിക് ക്ലോക്കുകള്‍ തുടങ്ങിയവ അടക്കമുള്ള സംവിധാനങ്ങള്‍ വികസിപ്പിക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഇത് വാര്‍ത്താവിനിമയം മുതല്‍ നാവിഗേഷനില്‍ വരെ പുതിയ സാധ്യതകള്‍ തുറക്കും. ക്വോണ്ടം കമ്യൂണിക്കേഷന്‍സ്, മെട്രോളോജിക്കല്‍ ആപ്ലിക്കേഷന്‍സ് എന്നിവയ്ക്ക് പ്രയോജനപ്രദമാവുന്ന സിംഗിള്‍ ഫോട്ടോണ്‍ സോഴ്സസ് / ഡിറ്റക്ടറുകള്‍, എന്‍ടാങ്ഗിള്‍ഡ് ഫോട്ടോണ്‍ സോഴ്സസ് തുടങ്ങിയവയും വികസിപ്പിക്കും. ക്വോണ്ടം കംപ്യൂട്ടിങ്, ക്വോണ്ടം കമ്യൂണിക്കേഷന്‍, ക്വോണ്ടം സെന്‍സിങ് ആന്‍ഡ് മെട്രോളജി ക്വോണ്ടം മെറ്റീരിയല്‍സ് ആന്‍ഡ് ഡിവൈസസ് എന്നിങ്ങനെ നാല് തെര്‍മ്മല്‍ ഹബുകള്‍ (ടി-ഹബ്സ്) രാജ്യത്തെ പ്രധാനപ്പെട്ട റിസര്‍ച് ആന്‍ഡ് ഡവലപ്മെന്റ്, അക്കാദമിക് സ്ഥാപനങ്ങളില്‍ സ്ഥാപിക്കും. ഇതുവഴി ആഗോള തലത്തില്‍ കരുത്താര്‍ജ്ജിക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കും.

അതേസമയം, നോയിസി ഇന്റര്‍മീഡിയറ്റ്-സ്‌കെയില്‍ ക്വോണ്ടം കംപ്യൂട്ടറുകള്‍ വികസിപ്പിക്കാനുള്ള ലക്ഷ്യത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഉപഗ്രഹ കേന്ദ്രീകൃതമായി ക്വോണ്ടം കമ്യൂണിക്കേഷന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് 2000 കിലോമീറ്റര്‍ അകലെയുള്ള ഭൂതല കേന്ദ്രങ്ങള്‍ തമ്മില്‍ അതിസുരക്ഷയോടെ ആധുനിക രീതിയിലുളള ആശയവിനിമയം രാജ്യത്തിനുള്ളില്‍ സാധ്യമാക്കും. മറ്റു രാജ്യങ്ങളുമായി സുരക്ഷിതമായ ദീര്‍ഘദൂര ആശയവിനിമയവും ലക്ഷ്യങ്ങളിലൊന്നാണ്. നഗരങ്ങള്‍ തമ്മില്‍ ഇന്റര്‍സിറ്റി ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷന്‍, മള്‍ട്ടി-നോഡ് ക്വോണ്ടം നെറ്റ്വര്‍ക്ക് വിത് ക്വോണ്ടം മെമ്മറീസ് തുടങ്ങിയവ വികസിപ്പിക്കാനും ഉദ്ദേശമുണ്ട്. 2020 കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച നാഷണല്‍ മിഷന്‍ ഓണ്‍ ക്വോണ്ടം ടെക്നോളജീസ് ആന്‍ഡ് ആപ്ലിക്കേഷന്‍സ് (എന്‍എം-ക്യുടിഎ) ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി നടപ്പാക്കുമെന്നും കേന്ദ്രം അറിയിച്ചു.