കര്‍ണാടക തെരഞ്ഞെടുപ്പിനുള്ള താരപ്രചാരകരെ പ്രഖ്യാപിച്ച് ബിജെപിയും കോണ്‍ഗ്രസും

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്മൃതി ഇറാനി, ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദ, ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈ എന്നിവര്‍ കര്‍ണാടക തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് താരപ്രചാരകരുടെ പട്ടികയില്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമുണ്ട്. കെ സി വേണുഗോപാലിനൊപ്പം കേരളത്തില്‍ നിന്ന് ശശി തരൂര്‍, രമേശ് ചെന്നിത്തല എന്നിവരും പട്ടികയില്‍ ഇടം നേടി.

അതേസമയം, നിലവിലെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും അടക്കമുള്ള പ്രമുഖര്‍ ഇന്ന് പത്രിക നല്‍കി. ഇന്ന് 59 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ജെഡിഎസ് നഞ്ചന്‍ഗുഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. കിട്ടൂര്‍ റാണി ചെന്നമ്മയുടെ പ്രതിമയ്ക്ക് മുന്നില്‍ നിന്നും വന്‍ റാലിയായിട്ടായിരുന്നു ബൊമ്മൈ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. കന്നഡ സൂപ്പര്‍ സ്റ്റാര്‍ കിച്ച സുദീപും ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയും റാലിക്ക് നേതൃത്വം നല്‍കി. യെദിയൂരപ്പ വച്ചൊഴിഞ്ഞ ശിക്കാരിപുരയില്‍ നിന്ന് മത്സരിക്കുന്ന മകന്‍ വിജയേന്ദ്രയും ഇന്ന് പത്രിക സമര്‍പ്പിച്ചു.

59 സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ച ജെഡിഎസ് മൈസുരു നഞ്ചന്‍ഗുഡ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു. മുന്‍ എംപി ധ്രുവനാരായണയുടെ മകന്‍ ദര്‍ശന്‍ ധ്രുവനാരായണയ്ക്കാണ് ജെഡിഎസ് പിന്തുണ.