എം ശിവശങ്കർ ഏറെ സ്വാധീന ശക്തിയുളള വ്യക്തി; നിർണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി

കൊച്ചി: എം ശിവശങ്കറിനെതിരെ നിർണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി. എം ശിവശങ്കർ ഏറെ സ്വാധീന ശക്തിയുളള വ്യക്തിയാണെന്ന നിരീക്ഷണമാണ് ഹൈക്കോടതി നടത്തിയത്. എം ശിവശങ്കറിന്റെ് ജാമ്യം തളളിക്കൊണ്ടുളള ഉത്തരവിലാണ് ഹൈക്കോടതി ഈ പരാമർശം നടത്തിയിട്ടുള്ളത്. ശിവശങ്കർ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് കോടതി അറിയിച്ചു.

സംസ്ഥാനത്തെ ഭരണകക്ഷിയിൽ ശിവശങ്കറിന് ഏറെ സ്വാധീനുമുണ്ട്. പ്രത്യേകിച്ച് മുഖ്യമന്ത്രിയുമായി ശിവശങ്കറിന് അടുപ്പമുണ്ട്. അറസ്റ്റിനും ജയിൽ വാസത്തിനും ശേഷം സർക്കാരിലെ സുപ്രധാന പദവിയിൽ ശിവശങ്കർ തിരിച്ചെത്തിയത് ഓർക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. വിരമിക്കുന്നതുവരെ ശിവശങ്കർ ഈ തസ്തികയിൽ ഉണ്ടായിരുന്നു. ശിവശങ്കറിന്റെ കുറ്റകൃത്യത്തിലെ പങ്കാളിത്തം സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കുന്നതിനിടെയായിരുന്നു ഇതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

മുൻപ് ഒരു കുറ്റകൃത്യത്തിൽ ഉൾപ്പെട്ടപ്പോഴും ഔദ്യോഗിക ജീവിതത്തെ ഒരു തരത്തിലും അത് ബാധിച്ചില്ലെന്നതും ശിവശങ്കറിന്റെ സ്വാധീനമാണ് വ്യക്തമാക്കുന്നതെന്ന് ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ കോടതി പരാമർശിക്കുന്നു. വ്യാഴാഴ്ച്ചയാണ് എം ശിവശങ്കറിന്റെ ജാമ്യ ഹർജി ഹൈക്കോടതി തള്ളിയത്.