ന്യൂഡൽഹി: ബഹിരാകാശ യുദ്ധം നടക്കാനുള്ള സാധ്യതകൾ ഉയർത്തിക്കാട്ടി സംയുക്ത സേനാ മേധാവി (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ. ഭാവിയിൽ ബഹിരാകാശ യുദ്ധം ഉണ്ടാകാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ബഹിരാകാശത്ത് നിലവിൽ നടക്കുന്ന സൈനികവൽക്കരണം ഇതിന്റെ മുന്നോടിയാണെന്നും സംയുക്ത സേനാ മേധാവി അഭിപ്രായപ്പെട്ടു. ഇന്ത്യൻ സ്‌പേസ് അസോസിയേഷൻ സംഘടിപ്പിച്ച ശിൽപശാലയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബഹിരാകാശത്തെ വാണിജ്യ സ്ഥാപനങ്ങളുടെ കടന്നുകയറ്റം യുദ്ധത്തെ പുതിയ രീതിയിലേക്ക് പരിവർത്തനം ചെയ്‌തേക്കാം. സ്‌പേസ് എക്‌സും മക്‌സറും തമ്മിലുള്ള മത്സരം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കര, കടൽ, ആകാശം, സൈബർ രംഗം എന്നിങ്ങനെ എല്ലാ മേഖലകൾക്കും മേൽ ആധിപത്യം ബഹിരാകാശത്തിനുണ്ട്. അതിനാൽ ബഹിരാകാശ യുദ്ധം നടക്കാനുള്ള നീക്കം കരുതിയിരിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
റഷ്യയും ചൈനയും നടത്തിയ ആന്റി സാറ്റലൈറ്റ് പരീക്ഷണങ്ങൾ ഇന്ത്യയും സമാനശക്തി കൈവരിക്കണമെന്നുള്ള ഓർമപ്പെടുത്തലാണ്. ഉപഗ്രഹങ്ങൾ പരമാവധി ചെറുതാക്കുന്നതിനൊപ്പം പുനരുപയോഗിക്കാവുന്ന സാധ്യതകൾ കൂടി കൂടുതലായി പരീക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

