ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലപാട് ശരിയല്ല; മോദിയ്ക്ക് പിന്തുണയുമായി ഓർത്തഡോക്‌സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പിന്തുണയുമായി ഓർത്തഡോക്‌സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ്. ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു.

ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പകുത്തുന്നതിനോട് തനിയ്ക്കും തന്റെ സഭയ്ക്കും യോജിപ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപി നേതാവ് എൻ ഹരിയുമായി ഓർത്തഡോക്‌സ് മെത്രാപ്പൊലീത്ത കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം മോദിയെ പ്രശംസിച്ച് സംസാരിച്ചത്.

ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന നിലപാട് ശരിയല്ല. കൽക്കത്തയിൽ കന്യാസ്ത്രീ ആശ്രമത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ താനടക്കമുള്ളവർ പ്രതിഷേധം സംഘടിപ്പിച്ചു. എന്നാൽ അക്രമികൾ മഠത്തിൽ നിന്ന് പുറത്താക്കപ്പെട്ട ബംഗ്ലാദേശികളാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു.