അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കില്ല: വനംമന്ത്രി

തിരുവനന്തപുരം: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുന:പരിശോധന ഹര്‍ജി നല്‍കില്ലെന്ന് വനംമന്ത്രി എ. കെ ശശീന്ദ്രന്‍ അറിയിച്ചു.

‘കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ആനയെ മറ്റൊരു കാട്ടിലേക്ക് വിടുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. ഇരുപത്തിനാലാം തീയതിയാണ് ഇനി ഈ കേസ് പരിഗണിക്കുക. അതിനിടയില്‍ വനംവകുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അത് കോടതി ഉത്തരവ് ലംഘിച്ചതിനുള്ള കുറ്റമായി മാറാന്‍ സാദ്ധ്യതയുണ്ട്. നമ്മുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അങ്ങനെയൊരു റിസ്‌ക് എടുക്കാന്‍ കഴിയില്ല. ആ ഒരു പ്രതിസന്ധിയിലാണ് വനംവകുപ്പ് ഇപ്പോഴുള്ളത്. അതിനിടയില്‍ കോടതിയില്‍ നിന്ന് മറ്റേതെങ്കിലും നിര്‍ദേശം ലഭിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് അതില്‍ സന്തോഷമേയുള്ളൂ. ജനകീയ സമരം കൊണ്ട് കോടതി വിധിയില്‍ മാറ്റമുണ്ടാകില്ല. അരിക്കൊമ്പനെ എത്തിക്കുന്നതിനെതിരെ കോടതിയെ സമീപിക്കാനുള്ള ജനകീയ സമര സമിതിയുടെ നടപടി സ്വാഗതാര്‍ഹമാണ്’- മന്ത്രി വ്യക്തമാക്കി.