ന്യൂഡൽഹി: ജയിലിലെ തടവുകാർക്ക് കൂട്ടമായി എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം. ഹൽദാനി ജയിലിലെ 44 അന്തേവാസികൾക്കാണ് എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. തടവുകാരിൽ നടത്തിയ മെഡിക്കൽ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗംബാധിച്ച തടവുകാരെ തുടർചികിത്സയ്ക്കായി ആശുപത്രിയിലേയ്ക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് വിവരം. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം, ഡൽഹിയിൽ പൊലീസ് ഹെഡ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്തു. പി.സി.ആർ വാനിനുള്ളിൽ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. ഡൽഹി സിവിൽ ലൈൻ ഏരിയയ്ക്ക് സമീപമായിരുന്നു സംഭവം. ഹെഡ് കോൺസ്റ്റബിൾ ഇമ്രാൻ മുഹമ്മദാണ് സ്വയം വെടിവച്ച് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 6.25നാണ് സംഭവം നടന്നത്.
ഇമ്രാന്റെ സഹപ്രവർത്തകനും പി.സി.ആർ വാനിന്റെ ഡ്രൈവറുമായ അതുൽ ഭാട്ടി ശുചിമുറിയിൽ പോയ സമയത്താണ് ചാന്ദ്ഗി റാം അഖാരയ്ക്ക് സമീപമുള്ള ബേല റോഡിൽ ഇമ്രാൻ സ്വയം വെടിവെച്ച് മരിച്ചത്. സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.

